മട്ടാഞ്ചേരി: കൊങ്കണി ഭാഷാ പിതാമഹന്‍ കൊച്ചി ടിഡി ഈസ്റ്റ് റോഡ് പത്മശ്രീയില്‍ എന്‍. പുരുഷോത്തമ മല്ല്യ (97) അന്തരിച്ചു. ജിഎസ്ബി മഹാസഭാ സംസ്ഥാന അധ്യക്ഷനാണ്. ഭാഷ അംഗീകാര പോരാട്ടത്തിലും ദേശീയതലത്തിലും ഒട്ടേറെ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ പുരുഷോത്തമ മല്ല്യയെ 2015ല്‍ പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ചു. കൊങ്കണി ഭാഷാ പ്രചാരസഭ സ്ഥാപകനും മൂന്ന് പതിറ്റാണ്ടിലേറെ കാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കൊച്ചിയിലെ പരേതനായ നാരായണ മല്ല്യയുടേയും അദ്ധ്യാപികയായ പരേത എന്‍.എം. സരസ്വതി ഭായിയുടെയും മകനാണ്. അഖിലേന്ത്യ കൊങ്കണി സാഹിത്യ പരിഷത്ത് 12-ാമത് സമ്മേളനം പ്രസിഡന്റ്, മണിപ്പാല്‍ ഗ്രൂപ്പ് ഡയറക്ടര്‍, ശ്രീ സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, കേരള ഹിസ്റ്ററി അസോസിയേഷന്‍ ഭരണ സമിതിയംഗം, കേരള പുരാവസ്തു വകുപ്പ് ഗവേഷണ അംഗം, എംജി സര്‍വകലാശാല സെനറ്റ് അംഗം, അമ്പലമേട് അഷ്ടകുലദേവതാമന്ദിര്‍ നിര്‍മാണ സമിതി ഉപാധ്യക്ഷന്‍, കേരള സര്‍വകലാശാല സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 10ന് കൊച്ചി കരിപ്പാലം രുദ്രവിലാസം ശ്മശാനത്തില്‍. മല്യയുടെ മരണത്തില്‍ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അനുശോചിച്ചു. ഒട്ടേറെ സാമൂഹിക സംഘടനകളില്‍ ഉപദേശകനായിരുന്നു. ഭാര്യ: സരോജനി മല്ല്യ. മക്കള്‍: ഡോ. സുസ്മിത മല്ല്യ (ന്യൂദല്‍ഹി സര്‍വകലാശാല), ഡോ. നാഗേഷ് മല്ല്യ (രാജഗിരി ഹോസ്പിറ്റല്‍). മരുമക്കള്‍: ശിവപ്രസാദ് (ന്യൂദല്‍ഹി), പത്മജ.
















