വിവാഹമോചിതനാണെന്ന് വെളിപ്പെടുത്തി നടൻ ശ്രീനാഥ് ഭാസി. 2024ൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താൻ താമസിക്കുന്നതെന്നും നടൻ തുറന്നുപറഞ്ഞു.
‘‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്‌ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല’ എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്.
കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ അവർക്ക് കൂട്ടി കൊടുക്കും.’’–ശ്രീനാഥ് ഭാസിയുടെ വാക്കുകൾ.
2016ലായിരുന്നു ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുടെയും വിവാഹം. ശ്രീനാഥ് വിജെ ആയി പരിപാടികൾ അവതരിപ്പിക്കുന്ന സമയത്താണ് റീത്തുവിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പത്ത് വർഷം നീണ്ടുനിന്ന സൗഹൃദത്തിനു ശേഷമായിരുന്നു വിവാഹം.
















