India

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : 1993 ലെ മുംബൈ സ്ഫോടന പരമ്പരയിലെ കുറ്റവാളിയും അധോലോക കുറ്റവാളിയുമായ അബു സലീമിനെ മോചിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി . ശിക്ഷാ ഇളവ് ഉൾപ്പെടെ 25 വർഷം പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും കാട്ടി ആദ്യം ബോംബെ ഹൈക്കോടതിയിലാണ് അബു സലീം ഹർജി നൽകിയത്.

എന്നാൽ ഹർജി സമയപരിധിക്ക് മുമ്പാണ് സമർപ്പിച്ചതെന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതി ഹർജി തള്ളി . സലീമിനെ 25 വർഷത്തെ ശിക്ഷാ കാലാവധി 2030 ലാണ് അവസാനിക്കുക. ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സലീം സുപ്രീം കോടതിയിൽ എത്തിയത്. എന്നാൽ ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. ഏപ്രിലിലും സുപ്രീം കോടതി അബു സലീമിന്റെ ഹർജി നേരത്തെ തള്ളിയിരുന്നു.

1993 മാർച്ച് 12 ന് മുംബൈയിൽ ഒന്നിനുപുറകെ ഒന്നായി 12 പ്രധാന ബോംബ് സ്ഫോടനങ്ങൾ നടന്നു. ഈ സ്ഫോടനങ്ങളിൽ 250 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് 2005 ൽ അബു സലീമിനെ പോർച്ചുഗലിൽ നിന്ന് നാടുകടത്തി. മുംബൈ സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Recent Posts