
തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ മുന്‍ രജിസ്ട്രാറും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ. ടി. അനിതകുമാരി (63) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. പത്തനംതിട്ട മൈലപ്ര അശോക്ഭവനില്‍ പരേതരായ എം.എസ്. തങ്കപ്പന്റെയും ടി.എന്‍. ശാരദയുടെയും മകളാണ്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഡവലപ്‌മെന്റ് ഓഫീസറായിരുന്ന പരേതനായ സജീവ് രവിയാണു ഭര്‍ത്താവ്.
നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിലും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയിലും അംഗമായിരുന്നു. ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയര്‍ ഹോള്‍ഡറായിരുന്നു. ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, ഗവേഷണകൃതിക്കുള്ള ഡോ. കെ.എം. ജോര്‍ജ് പുരസ്‌കാരം, തായാട്ട് പുരസ്‌കാരം എന്നിവ നേടി. സൂസന്നയ്‌ക്ക് പറയാനുള്ളത് (കഥകള്‍), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകള്‍), സാന്ത്വനത്തിന്റെ സന്ധ്യ (നോവല്‍), പത്മരാജന്‍; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങള്‍ (പ്രബന്ധങ്ങള്‍), ഭാഷാസാഹിത്യചരിതം: ആറ്റൂര്‍, (എഡിറ്റര്‍) തുടങ്ങിയവയാണു രചനകള്‍. സുഗതകുമാരിയെപ്പറ്റിയുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മകള്‍ ഡോ. അപര്‍ണ സജീവ് (അസി. പ്രൊഫസര്‍, കൊമേഴ്‌സ് വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല).