
തൃശൂര്‍: കൈപ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശികളായ 8 വിദ്യാർത്ഥികൾ മരണപ്പെട്ട ദാരുണമായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാകും കേസ് അന്വേഷിക്കുക. തമിഴ്നാട്ടിലടക്കം എത്തി പ്രത്യേക സംഘം അന്വേഷണം നടത്തും. നാഷണൽ ഹൈവേ അതോറിറ്റിയും മറ്റ് രണ്ട് ലോറി ഡ്രൈവർമാരും കേസിൽ പ്രതിയാകും.
ഗതാഗത സുരക്ഷാസൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേശീയപ്പാതാ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യത്തിൽ ലോറി പാർക്ക് ചെയ്തതിനെ തുടർന്നാണ് രണ്ട് ലോറി ഡ്രൈവർമാർ കേസിൽ പ്രതികളാകുക. അപകടം നടന്നതിന് പിന്നാലെ രണ്ട് ഡ്രൈവർമാമാരും ലോറികളുമായി രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ച എട്ടു വിദ്യാര്‍ഥികളും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ ഇവര്‍ നാട്ടുകാരുമായും തര്‍ക്കം ഉണ്ടാക്കിയിരുന്നു. തളിക്കുളം പത്താംകല്ലിൽ വച്ചായിരുന്നു തര്‍ക്കം. അവിടെനിന്നും അതിവേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപ്പെടുന്നതിനിടയായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര സുരക്ഷാ പരിശോധനയ്‌ക്ക് ഉത്തരവിട്ടു. നാഷണൽ ഹൈവേ അതോറിറ്റി (NHAI) പ്രോജക്ട് ഡയറക്ടർമാർ, മോട്ടോർ വാഹന വകുപ്പ് (MVD), പോലീസ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഈ പരിശോധന നടത്തുന്നത്.
നിർമ്മാണം നടക്കുന്ന റോഡുകളിലെ തടസ്സങ്ങൾ, മതിയായ സൂചന ബോർഡുകളുടെയും ബാരിക്കേഡുകളുടെയും കുറവ്, തെരുവ് വിളക്കുകളുടെ അഭാവം, അനധികൃത പാർക്കിംഗ് എന്നിവ ഈ സംഘം പ്രധാനമായും പരിശോധിക്കും. റോഡരികിലെ അനധികൃത പാർക്കിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ശക്തമായ നടപടിയെടുക്കാൻ പോലീസിനും ആർ.ടി.ഒയ്‌ക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.