Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ നഷ്ടമായത് 28 വര്‍ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എരുമേലി: ഭൂരഹിതരായ 32 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നാല് സെന്റ് ഭൂമി വീതം നല്‍കി മാതൃക കാട്ടിയ എരുമേലി പഞ്ചായത്ത് പിന്നെ തുടര്‍ന്നത് കടുത്ത നീതിനിഷേധം. ഭൂമിയുടെ ഉടമസ്ഥാവകാശം ഈ കുടുംബങ്ങള്‍ക്ക് ഇനിയും പഞ്ചായത്ത് നല്‍കിയില്ല. 28 വര്‍ഷമായി പട്ടയം കിട്ടാതെ ദുരിതം പേറുകയാണ് ഈ കുടുംബങ്ങള്‍. എരുമേലി പഞ്ചായത്ത് ഒഴക്കനാട് വാര്‍ഡിലാണ് ഈ അവഗണനയുടെ കാഴ്ച. പട്ടയത്തിനായി പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തി കേസും അറസ്റ്റുമൊക്കെ ഉണ്ടായി. ഈ കേസില്‍ പ്രതികളായ പലരെയും കോടതി വെറുതെ വിട്ടു. ഇവരില്‍ പലരും മരിച്ചെങ്കിലും പട്ടയം കിട്ടാന്‍ അനുകൂല നടപടിയുണ്ടായില്ല.

1998-ലാണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഒഴക്കനാട് രണ്ട് ഏക്കര്‍ സ്ഥലം പഞ്ചായത്ത് വാങ്ങി റോഡ്, തോട് പുറമ്പോക്കുകളില്‍ കഴിഞ്ഞിരുന്ന ഭൂരഹിത കുടുംബങ്ങള്‍ക്ക് നല്‍കിയത്. ഏറെ അഭിനന്ദനങ്ങള്‍ പഞ്ചായത്തിന് ലഭിച്ച വികസന മാതൃക കൂടിയായിരുന്നു ഈ പദ്ധതി. പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ഭൂമി നല്‍കിയത്. 32 കുടുംബങ്ങള്‍ക്ക് മൂന്നും മൂന്നരയും നാലും സെന്റ് ഭൂമി നല്‍കിയതിനൊപ്പം അങ്കണവാടി, സാംസ്‌കാരിക നിലയം, കളി സ്ഥലം, പൊതു സ്ഥലം എന്നിങ്ങനെ പൊതു ആവശ്യങ്ങള്‍ക്ക് ബാക്കി ഭൂമി വിട്ടുനല്‍കി. വഴി പോലുമില്ലാതെ കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് വീടും വഴിയുമൊക്കെ നിര്‍മ്മിച്ച് കുടുംബങ്ങള്‍ താമസമാക്കി. എന്നാല്‍ പട്ടയം ഇല്ലാത്തത് വൈദ്യുതിയും ബാങ്ക് വായ്‌പയും വീട് നിര്‍മാണത്തിന് പഞ്ചായത്ത് പദ്ധതിയില്‍നിന്ന് തുക ലഭിക്കാനും തടസ്സമായി.

ഈ ദുരിതങ്ങള്‍ മൂലം ചിലര്‍ ഭൂമി ഉപേക്ഷിച്ചു പോയി. ഭൂമി പത്ത് വര്‍ഷത്തേക്ക് കൈമാറരുതെന്ന വ്യവസ്ഥ പ്രകാരമുള്ള കാലയളവ് കഴിഞ്ഞശേഷം 2008-ല്‍ ഉടമസ്ഥാവകാശമായി കുടുംബങ്ങള്‍ പട്ടയം ആവശ്യപ്പെട്ടു. ഉടനെ തരാമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ല. ഒരു വ്യക്തിയില്‍ നിന്നാണ് പഞ്ചായത്ത് വില നല്‍കി ഭൂമി വാങ്ങിയത്. എരുമേലി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലേക്ക് ഭൂമി വില്‍പനയുടെ ആധാരം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പോക്കുവരവ് നടത്തി പഞ്ചായത്തിന്റെ പേരിലേക്ക് ചേര്‍ത്തിരുന്നില്ല. ഭൂമി നല്‍കിയ വ്യക്തി ഇതിനിടെ മരിച്ചു. ഇക്കാര്യം റവന്യു വകുപ്പിലും സര്‍ക്കാരിലും അറിയിച്ച് ഉത്തരവ് വാങ്ങിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കുടുംബങ്ങള്‍ക്ക് കൈമാറാന്‍ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക നടപടികളും നൂലാമാലകളും ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ സ്വീകരിച്ചില്ല.

പട്ടയം ആവശ്യപ്പെട്ട് 2013-ല്‍ കുടുംബങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ അക്രമാസക്തമായി മാറി. സമരക്കാരും പോലീസും തമ്മില്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ ഏറ്റുമുട്ടി. സമരക്കാരില്‍ ഒരാളായ ഭിന്നശേഷിക്കാരന് മര്‍ദ്ദനമേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. പോലീസുകാരെ കൈയ്യേറ്റം ചെയ്‌തെന്ന കേസിലെ പ്രതികളായ എസ്സി പ്രൊമോട്ടര്‍ ബിജു വഴിപ്പറമ്പില്‍, പനച്ചിക്കുന്നേല്‍ ബാബു, വാഴക്കാലായില്‍ ഭുവനചന്ദ്രന്‍, അനുജന്‍ റിനോഷ്, പനച്ചിയില്‍ റെജി, പനച്ചിയില്‍ റാഷിക് എന്നിവരെ രണ്ട് വര്‍ഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. ഇവരില്‍ ഭുവനചന്ദ്രന്‍, റെജി എന്നിവര്‍ പിന്നീട് മരിച്ചു.

2013-ലെ സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് കുടുംബങ്ങള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും പട്ടയം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രമാണ് സാധിച്ചത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വീടുകളില്‍ വൈദ്യുതി കണക്ഷന്‍ അനുവദിച്ചത്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് എല്ലാ കുടുംബങ്ങള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്ന ആവശ്യം ശക്തമായി.

Recent Posts