
ചെന്നൈ: മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ റിസർച്ച് കോംപ്ലക്സിൽ വെച്ച് പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡ് ടെസ്റ്റ് ആർട്ടിക്കിളിന്റെ (PHTA) ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. സെപ്റ്റംബർ 5‑ന് നടന്ന പരീക്ഷണത്തിൽ എൻജിന്റെ പൂർണ്ണശേഷിയായ 200 ടൺ ത്രസ്റ്റിലാണ് പ്രവർത്തിപ്പിച്ചത്. പിഎച്ച്ടിഎ ഉപയോഗിച്ച് നടത്തുന്ന ഒൻപതാമത്തെ ഹോട്ട് ടെസ്റ്റാണിത്.
ആകെ 35 സെക്കൻഡ് നീണ്ടുനിന്ന പരീക്ഷണത്തിൽ, 5 സെക്കൻഡ് സമയമാണ് എൻജിൻ പൂർണ്ണശേഷിയായ 200 ടൺ ത്രസ്റ്റിൽ പ്രവർത്തിപ്പിച്ചത്. എല്ലാ എൻജിൻ പാരാമീറ്ററുകളും മുൻകൂട്ടി കണക്കാക്കിയ കൃത്യതയോടെ തന്നെ പ്രവർത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഭാരതത്തിന്റെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3‑യുടെ (LVM3) ഭാരം വഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് ഈ പുതിയ എൻജിൻ വികസിപ്പിക്കുന്നത്. ഇതിലെ എൽ110 (L110) കോർ സ്റ്റേജിന് പകരം 2000 kN ക്ലാസിലുള്ള SE2000 എൻജിൻ ഉപയോഗിക്കുന്ന SC120 സെമി-ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് ഘടിപ്പിക്കാനാണ് പദ്ധതി.
ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ എൻജിൻ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് പിഎച്ച്ടിഎ. വരാനിരിക്കുന്ന കൂടുതൽ സമയം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾക്കും, ഭാരമേറിയ പേടകങ്ങളും ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്കും ഈ വിജയകരമായ സാങ്കേതിക മുന്നേറ്റം വലിയ കരുത്താകും.
ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ മാർക്ക്-3 (LVM3)-ൽ നിലവിലുള്ള L110 ലിക്വിഡ് കോർ സ്റ്റേജിന് പകരമായാണ് പുതിയത് വികസിപ്പിക്കുന്നത്. ഈ റോക്കറ്റിന്റെ പേലോഡ് ശേഷി വർധിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് പരീക്ഷണം. പരമ്പരാഗത പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, സെമി-ക്രയോജനിക് എഞ്ചിൻ പരിസ്ഥിതി സൗഹൃദമാണ്.