ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള രായമംഗലം കോഴിത്തുരുത്ത് പുളിയത്ത് കളരി തകര്‍ച്ചയില്‍ നിന്നും നവശോഭയിലേക്ക് ചുവട് വയ്‌ക്കുന്നു. പുളിയത്ത് തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള കളരിക്ക് പൗരാണികമായിത്തന്നെ ഒട്ടേറെ സവിശേഷതകളുണ്ട്. വിവിധ കാലഘട്ടത്തില്‍ പല പ്രമുഖരും ഇവിടെ വന്ന് ഉപാസന നടത്തി ശക്തി നേടിയിട്ടുണ്ട്.
പ്രമുഖരായ മലബാര്‍, കൊച്ചി, തിരുവിതാംകുര്‍ രാജാക്കന്മാര്‍ ഇവിടെ രഹസ്യമായി വന്നുപോയിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള ആരാധനാ കളരിയാണ് പുളിയത്ത് കളരി. ആദ്യകാലത്ത് കൊടപ്പന പട്ടകൊണ്ട് പിന്നീട്, വൈക്കോല്‍ മേഞ്ഞതായിരുന്നു കളരി.
1150 ലാണ് ഇന്ന് കാണുന്ന നിലയില്‍ കളരി ഓടുമേഞ്ഞത്. അതിവിശിഷ്ടമായ ഗജമസ്തകം തച്ചുവിധിയില്‍ 42അടിയാണ് കളരി. മുന്‍ഭാഗം 5 ഉത്തരം 5 നാഗ പടം, 5 വള ഉള്‍പ്പെടെ അതിവിശേഷമായ തച്ചുപണികള്‍. 2 ഏകാദശ രുദ്രന്‍മാരുടെ രൂപത്തെ മരത്തില്‍ മുന്‍ഭാഗം കൊത്തിവച്ചിട്ടുണ്ട്. പച്ചില ചാന്തുകൂട്ടില്‍ എട്ട് നിറത്തില്‍ ചായം തേച്ചപണികള്‍ കാലപ്പഴക്കത്തിലും മങ്ങിയ നിലയിലുണ്ട്. പഴയ കൊത്തുപണികള്‍കൊണ്ട് അലംകൃതമായ മുന്‍ഭാഗത്തെ വാതില്‍ പ്രൗഢി വിളിച്ചോതുന്നു. സപ്തമാതാക്കളെ ഈ വാതില്‍ മകുടങ്ങളില്‍ ആവാഹിച്ചു വച്ചിട്ടുണ്ട്.
കളരിക്കുള്ളില്‍ ആറ് വലിയ തൂണുകളുണ്ട്. ഷഡ്‌വര്‍ഗ കളരിയാണെന്ന് ഊഹിക്കാവുന്ന തെളിവായി കണക്കാക്കി വരുന്നു. ഉള്ളില്‍ 3 വരി ഉത്തരം എല്ലാഭാഗത്തും നാഗപടത്തോട് കൂടിയുണ്ട്. മൊത്തം 1008 നാഗപടം ഉണ്ടാകും. 45 ഡിഗ്രി കുത്തനെ ചെരിവുള്ള മേല്‍ക്കൂര 2000 ലേറെ അധികം ഓടുകൊണ്ട് മേഞ്ഞു. വടക്ക് ഭാഗത്തു വടക്കന്‍ വാതില്‍. വാതിലിനു 5 മകുടം. കൊടുങ്ങല്ലൂര്‍ ദേവി ഉള്‍പ്പെടെ. 5 ദേവീസാന്നിധ്യത്തെ ആവാഹിച്ചു വച്ചതായി വിശ്വസിക്കുന്നു. ബാല, ലളിത, ചണ്ടി, ഉപസ്തി സങ്കല്‍പ്പത്തില്‍ കരാളി ദേവി, ലളിത ദേവി, ചണ്ടിക ദേവിമാര്‍ കളരിക്കുള്ളിലെ സാന്നിധ്യമായി കണക്കാക്കുന്നു.

വടക്കന്‍ വാതിലിനു സമീപം കളരി ഗുരുവിനുള്ള ചെറിയ തറയുണ്ട്. കളരിക്ക് മുന്നില്‍ 3 ഇല രൂപത്തില്‍ മരത്തില്‍ കൊത്തിയ രൂപം. ശിവസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. കളരിക്ക് തെക്ക്. ഭാഗത്തുള്ള പ്ലാശ് മരത്തില്‍ കാലഭൈരവന്‍ സാന്നിധ്യമുണ്ട്. തൊട്ട് അടുത്തു തന്നെ നാല് കെട്ടുള്ള തറവാട്. മച്ചില്‍ മധുര മീനാക്ഷിദേവിയെ പീഠത്തില്‍ കുടിവെച്ചു. നടുമുറ്റത്ത് ശിവന്‍, അയ്യപ്പന്‍ തറ യില്‍ സാന്നിധ്യമരുളുന്നു. തറവാട്ടില്‍ പഴയ കൊത്തുപണികളുള്ള, കിളിവാതില്‍, പഴയ ദ്രാവിഡ കൊത്തുപണികളുള്ള വാതില്‍ കട്ടിള ഇപ്പോഴും കേടുവരാതെയുണ്ട്. സമീപമുള്ള കുളത്തിലെ എട്ട് കുഴികളുള്ള വലിയ കല്ലുകള്‍ ഈ തറവാടിന്റെ കാലപ്പഴക്കം വിളിച്ചു പറയുന്നു.
പഴയ അഞ്ച് തരം വാളുകള്‍, ദ്രവിച്ച നിലയിലുള്ള താളിയോലകള്‍ എല്ലാം ഇപ്പോഴുമുണ്ട്. ആയിരം വര്‍ഷം മുന്‍പ് ഒരു വനിത രഹസ്യമായി സ്ഥാപിച്ചുവെന്ന് കരുതുന്ന ഈ കളരി കേരളത്തിലെ ഏക വനിതാ കളരികൂടിയാണ്. ഇപ്പോള്‍ കളരിയില്‍ വിളക്ക് വയ്‌ക്കുന്നത് വനിതയാണ്. 40 വര്‍ഷം മുന്‍പ് വരെ ഈ കളരിയില്‍ അതിവിശേഷമായി പള്ളിപ്പാന നടന്നിരുന്നു. 70 പേജ് വരുന്ന പാനയുടെ തോറ്റം ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിലെ നിരവധി ദേവീക്ഷേത്രങ്ങള്‍ ഈ തോറ്റത്തില്‍ വരുന്നു. പൂര്‍ണ്ണ തോതില്‍ 64 കലകള്‍ വരച്ച് പൂര്‍ണ്ണമായി തോറ്റം ചൊല്ലുന്ന വിധാനത്തിലാണ് ഇവിടെ പാന അനുഷ്ഠാനം. പാരമ്പര്യ അവകാശികളാണ് പാന നടത്തിയിരുന്നത്.
പല കാരണംകൊണ്ട് തറവാട്ടുകാരുടെ സാമ്പത്തികസ്ഥിതി പരാധീനമായി തുടങ്ങിയതിനാല്‍ 40 വര്‍ഷം പള്ളിപ്പാന മുടങ്ങി. പട നയിക്കാന്‍ പോകുന്നവരുടെ മനസ്സ്, ബുദ്ധി, ശരീരം വേണ്ട സമയം വേണ്ട പോലെ പ്രവര്‍ത്തിക്കാനുള്ള ഉപാസന തലത്തിലാണ് പൗരാണിക കാലത്ത് ഇവിടെ പാന നടന്നിരുന്നത്. പകല്‍ പാന, ഉച്ച പാന, രാത്രി പാനയായി. മൂന്ന് തലത്തില്‍ ബാല, ലളിത, ചണ്ടി. ഉപസ്തിയായിട്ടാണ് ഇവിടുത്തെ പാന വിധി.
തകര്‍ച്ച നേരിട്ട് വീണുപോകുന്ന നിലയില്‍ എത്തിയ കളരി ഇപ്പോള്‍ പുതുക്കിപ്പണിത് നവീകരിച്ച നിലയിലാണ്. മരം, പണം, സേവനമായി നാട്ടുകാരുടെയും തറവാട്ടുകാരുടെയും കൂട്ടായ്‌മയിലാണ് മേല്‍ക്കൂരയുടെ കേടുപാടുകള്‍ തീര്‍ത്തത്. 64 തൂക്കു വിളക്ക് കളരിക്ക് ചുറ്റും തൂക്കി, 64 നിലവിളക്ക് കളരിമുറ്റത്ത് നാക്കിലയില്‍ വച്ച് വിശേഷമായി കളരി വിളക്ക് തെളിയിക്കല്‍ നടന്നു. എല്ലാവരുടെയും സഹായസഹകരണത്തോടെ പഴയ പ്രൗഢിയില്‍ ഈ കളരിയെ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
















