തൃശ്ശൂർ: തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ആധുനിക ലബോറട്ടറി നവീകരണത്തിന് വഴിയൊരുങ്ങുന്നു. മോഡേൺ ലബോറട്ടറി ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി പദ്ധതിക്കായി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 33 ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
നമ്മുടെ നാടിന്റെ ആരോഗ്യരംഗത്തിന്, സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഒടുവില്‍ ആ അനുമതി ലഭ്യമായിരിക്കുന്നു എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
എന്റെ എം.പി ഫണ്ടിൽ (MPLADS 2024–25) നിന്ന് ഞാൻ അനുവദിച്ച ₹33 ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി (Administrative Sanction) ഒടുവിൽ ലഭിച്ചിരിക്കുകയാണ്.
തൃശ്ശൂരിലെ പാവപ്പെട്ട ജനങ്ങളുടെ ചികിത്സയ്‌ക്കും കൃത്യമായ ലാബ് പരിശോധനകൾക്കും ഏറെ അത്യാവശ്യമായ ഒരു പദ്ധതിയായിരുന്നു ഇത്. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അനുമതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ (DHS) അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി മാറ്റി വെക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഇത്തരം നൂലാമാലകൾ കാരണം ഒരു വികസനവും മുടങ്ങരുത് എന്ന ഉറച്ച ബോധ്യത്തോടെയുള്ള നിരന്തര ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഇതിന് ഔദ്യോഗികമായി പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിലെ മികവ് ഓരോ സാധാരണക്കാരന്റെയും അവകാശമാണ്. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് മികച്ച ആധുനിക ലാബ് സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുക തന്നെയാണ് ലക്ഷ്യം.
യാതൊരുവിധ കാലതാമസവുമില്ലാതെ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
തടസ്സങ്ങൾ എത്രയുണ്ടായാലും നമ്മുടെ നാടിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി നമ്മൾ മുന്നോട്ടു തന്നെ പോകും.
സ്‌നേഹത്തോടെ,
സുരേഷ് ഗോപി











