
കൊച്ചി: ബസിന് പിന്നില്‍ ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായി കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാരന്റെ ഭീഷണി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കൊച്ചി നഗരത്തില്‍ ബസ് ജീവനക്കാര്‍ അതിക്രമം കാട്ടുന്നത്.
സ്വകാര്യബസ് റോഡിന്റെ നടുവില്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ ഹോണ്‍ അടിച്ചതോടെയാണ് ഭീഷണിയുമായി കണ്ണൂര്‍ സ്വദേശി അന്‍സാര്‍ പുറത്തിറങ്ങിയത്.അസഭ്യം പറഞ്ഞ് റോഡിന് നടുവില്‍ കാര്‍ തടഞ്ഞ അന്‍സാര്‍ യാത്ര തടസപ്പെടുത്തി നിന്നു.
കാറിലുണ്ടായിരുന്നവര്‍ ഭയന്ന് പൊലീസിനെ വിളിച്ചുവരുത്തിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അന്‍സാര്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസം മുമ്പ് ഇടപ്പള്ളിയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച സംഭവമുണ്ടായിരുന്നു.പിന്നാലെ കഴിഞ്ഞ ദിവസം സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ നോര്‍ത്ത് പാലത്തിന് സമീപം തടഞ്ഞ് നിര്‍ത്തി അക്രമിച്ചിരുന്നു.
കൊച്ചി നഗരത്തിലെ സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ ഹൈക്കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ട്.ചില ബസുകളിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടവും ആക്രമണവും ഇപ്പോഴും തുടരുകയാണ്.