മുംബൈ: ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളോടൊപ്പം ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് കുട്ടികളും അശ്വിനിയും മരിച്ചു. നൽദുർഗ് കോട്ടയിൽ വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയാണ്.
മൂന്ന് മക്കളുമായി കോട്ടയിലെത്തിയ അശ്വിനി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുള്ള ഇരട്ടക്കുട്ടികളിലൊരാളായ ക്രാന്തിയും അശ്വിനിക്കൊപ്പം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
അശ്വിനിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് മകൾ ഇത്തരമൊരു കടുത്ത തീരുമാനം എടുക്കാൻ കാരണമായതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ അശ്വിനി മഹാരാഷ്‌ട്രയിൽ ‘പെൺപുലി’ എന്ന വിശേഷണത്തിലും അറിയപ്പെട്ടിരുന്നു. ദേശീയതല ഗുസ്തി മത്സരങ്ങളിൽ അഞ്ച് സ്വർണ മെഡലുകളും ആറ് വെള്ളി മെഡലുകളും നേടിയിട്ടുള്ള താരമാണ് അശ്വിനി.
















