ഭാരതത്തിന്റെ ധാതു സുരക്ഷ എന്നത് കേവലം ഒരു ഖനന വിഷയം മാത്രമല്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയുമായി അത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, സ്റ്റീല്‍, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവയ്‌ക്കൊക്കെ ധാതുക്കള്‍ അത്യാവശ്യമാണ്. തദ്ദേശീയമായി വിശ്വസനീയമായ ധാതു വിതരണം ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിഞ്ഞില്ലെങ്കില്‍, ഇറക്കുമതിയെ ആശ്രയിക്കുന്നത് സാമ്പത്തികമായും തന്ത്രപരമായും ഇനിയും വര്‍ദ്ധിക്കും.
പതിറ്റാണ്ടുകള്‍ നീണ്ട നിയമതര്‍ക്കങ്ങളും നികുതി വ്യവസ്ഥയും
ഭാരതത്തിന്റെ ധാതു നികുതി വ്യവസ്ഥ ഏതാണ്ട് 35 വര്‍ഷമായി നിയമതര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവാണ്. ധാതു വികസനത്തിന്മേലുള്ള കേന്ദ്രത്തിന്റെ അധികാരവും ധാതു അവകാശങ്ങളില്‍ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരവും തമ്മിലുള്ള ബന്ധം 1957ലെ എംഎംഡിആര്‍( മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസനവും നിയന്ത്രണവും) ആക്ടില്‍ വ്യക്തമായി നിര്‍വ്വചിച്ചിരുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ധാതു അവകാശങ്ങളില്‍ നികുതി ചുമത്താനുള്ള അധികാരം നല്‍കുന്നുണ്ടെങ്കിലും, ധാതു വികസനത്തിന്റെ താല്പര്യാര്‍ത്ഥം പാര്‍ലമെന്റിന് ആ അധികാരത്തില്‍ പരിധികള്‍ നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ 1957ലെ എംഎംഡിആര്‍ ആക്ടില്‍ ഈ പരിധികള്‍ വ്യക്തമായി നിര്‍വ്വചിച്ചിരുന്നില്ല. ഇത് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുകയും തുടര്‍ച്ചയായ നിയമപോരാട്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
വര്‍ഷങ്ങളായി സുപ്രീം കോടതി ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. 1989ല്‍ ‘ഇന്ത്യ സിമന്റ്സ് ലിമിറ്റഡും തമിഴ്നാട് സര്‍ക്കാരും തമ്മിലുണ്ടായ കേസില്‍, ഏഴംഗ സുപ്രീം കോടതി ബെഞ്ച് റോയല്‍റ്റിയെ ഒരു നികുതിയായി കണക്കാക്കുകയും സംസ്ഥാനങ്ങളുടെ അധിക നികുതി ചുമത്തലിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ 2004ല്‍ മറ്റൊരു ഭരണഘടനാ ബെഞ്ച് വേറൊരു നിലപാടാണ് എടുത്തത്. അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് 1989ലെ ഇന്ത്യ സിമന്റ്സ് വിധി തള്ളുകയും, ‘റോയല്‍റ്റി ഒരു നികുതിയാണ്’ എന്ന് പറഞ്ഞത് ഒരു ടൈപ്പിംഗ് തെറ്റാണെന്നും വ്യക്തമാക്കി. റോയല്‍റ്റി എന്നത് നികുതിയല്ല, മറിച്ച് ഒരു കരാര്‍ അധിഷ്ഠിത പേയ്‌മെന്റാണെന്ന് കോടതി വ്യക്തമാക്കുകയും ഭൂമിയിലെ ധാതു ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ലിസ്റ്റിലെ എന്‍ട്രി 49 പ്രകാരം ഭൂനികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ശരിവെക്കുകയും ചെയ്തു.
2024ല്‍ ‘മിനറല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയും സെയിലും (സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) തമ്മിലുള്ള കേസില്‍ സുപ്രീം കോടതി റോയല്‍റ്റി നികുതിയല്ലെന്ന് വിധിച്ചുകൊണ്ട് ഈ നീണ്ട തര്‍ക്കത്തിന് അന്ത്യം കുറിച്ചു. ധാതു അവകാശങ്ങളിലും ധാതുസമ്പന്നമായ ഭൂമിയിലും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ഈ വിധി അംഗീകരിക്കുകയും ചെയ്തു.
2026ലെ ഭേദഗതി ബില്ലും സാമ്പത്തിക സുസ്ഥിരതയും
2026 ആഗസ്ത് 12ന് ലോക്സഭയും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസാക്കിയ ‘മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്‍, 2026’, ധാതു നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഏകീകൃതവും പ്രവചനീയവും നിക്ഷേപസൗഹൃദവുമായ ഒരു ഘടന സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. സുപ്രീം കോടതി അംഗീകരിച്ച അധികാരം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിനിയോഗിക്കുന്നു എന്നതാണ് ഈ ഭേദഗതിക്ക് പിന്നില്‍. ധാതു അവകാശങ്ങളുമായും ധാതുസമ്പന്നമായ ഭൂമിയുമായും ബന്ധപ്പെട്ട അധിക സംസ്ഥാന നികുതികള്‍, സെസ്സുകള്‍, ലെവികള്‍ എന്നിവയില്‍ വ്യക്തമായ, നിയമപരമായ പരിധികള്‍ നിശ്ചയിക്കാനാണ് ബില്‍ ശ്രമിക്കുന്നത്.
ഒരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഖനന കമ്പനിക്ക്, ധാതു സ്ഥിതി ചെയ്യുന്നത് ആ സംസ്ഥാനത്താണ് എന്ന കാരണത്താല്‍ മാത്രം തികച്ചും വ്യത്യസ്തമായ ഒരു നികുതിഭാരം നേരിടേണ്ടി വരരുത്. പ്രവചനാതീതമായ സംസ്ഥാനതല നികുതികള്‍ കാരണം ധാതു വിലയും നിക്ഷേപ തീരുമാനങ്ങളും തടസ്സപ്പെടാതിരിക്കാന്‍ ഏകീകൃതമായ ചട്ടക്കൂടാണ് നിര്‍ദ്ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്. ഈ ഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ ചട്ടക്കൂടിനെ ധാതുസമ്പന്നമായ ഭൂമികളിലേക്കും വ്യാപിപ്പിക്കുന്നു. 2024ലെ വിധി ധാതു അവകാശങ്ങളുടെ നികുതിയും ഭൂനികുതിയും തമ്മില്‍ വേര്‍തിരിച്ചു കാണിച്ചിരുന്നതിനാല്‍, ഭൂനികുതിയിലൂടെ അധിക ചാര്‍ജുകള്‍ ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. അത് പരിഹരിക്കാന്‍ ഇത് ആവശ്യമാണ്. ധാതു അവകാശങ്ങളെയും ധാതുസമ്പന്നമായ ഭൂമിയെയും കൂടുതല്‍ വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഒരു ദേശീയ ചട്ടക്കൂടിന് കീഴില്‍ ഈ ഭേദഗതി കൊണ്ടുവരുന്നു.
നിക്ഷേപകരുടെ ആശങ്കകളും മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതിയും
ഒരു ഖനന കമ്പനിയെ സംബന്ധിച്ചിടത്തോളം, ഇന്ന് എത്ര നികുതി നല്‍കുന്നു എന്നത് മാത്രമല്ല ആശങ്ക; ഒരു നിക്ഷേപം നടത്തി വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു നികുതി ചുമത്തപ്പെടുമോ എന്നതു കൂടിയാണ്. മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി ആവശ്യപ്പെടലുകള്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ലാഭകരമായി നടന്നിരുന്ന ഖനന പദ്ധതികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്യും. 2024ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്, 2004, 2005 വര്‍ഷം മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയുള്ള ധാതു നികുതി കുടിശ്ശികകള്‍ ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇത് ഖനന കമ്പനികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി.
പുതിയ നിയമം നിലവില്‍ വരുന്നതിന് മുമ്പ് ചുമത്തിയ അടയ്‌ക്കാത്തതോ ഈടാക്കാത്തതോ ആയ സംസ്ഥാന നികുതികള്‍ അസാധുവായി കണക്കാക്കുമെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇതിനകം നിക്ഷേപിച്ചതോ ഈടാക്കിയതോ ആയ തുക തിരികെ നല്‍കില്ല. ഇത് പഴയ ബാധ്യതകള്‍ അനിശ്ചിതമായി വീണ്ടും തുറക്കുന്നത് തടയുന്നു. ഒരു പ്രോജക്റ്റിന് അനുമതി ലഭിച്ച് വലിയ നിക്ഷേപങ്ങള്‍ നടത്തിയ ശേഷം പുതിയ നികുതിയോ സെസ്സോ ചുമത്തുമ്പോഴാണ് അനിശ്ചിതത്വം ഉണ്ടാകുന്നത്. കമ്പനികള്‍ക്ക് ചെലവുകള്‍ കൃത്യമായി വിലയിരുത്താനും ദീര്‍ഘകാല ഖനന തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കാനും പുതിയ ഭേദഗതി സഹായിക്കുന്നു.
വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ നികുതികളും സെസ്സുകളും ചുമത്തുമ്പോള്‍, ധാതു ഖനനത്തിന്റെ മൊത്തം ചെലവ് ഗണ്യമായി വര്‍ദ്ധിക്കും. ഇത് ഒടുവില്‍ ധാതുക്കളുടെ വില വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര ഉത്പാദനത്തിന്റെ മത്സരശേഷി കുറയ്‌ക്കുകയും ചെയ്യും. സമാനമായ ധാതുക്കള്‍ക്ക് ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലുള്ള നികുതിഭാരം നേരിടേണ്ടി വന്നാല്‍, വിപണി വിഭജിക്കപ്പെടും. ധാതു ഉല്‍പ്പാദനത്തിന്റെ സാമ്പത്തിക ലാഭം ഒരു ഗ്രാമം അല്ലെങ്കില്‍ ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല.
വളരുന്ന ആഭ്യന്തര ആവശ്യകതയും തന്ത്രപ്രധാന ധാതുക്കളും
ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, പുനരുപയോഗ ഊര്‍ജ്ജം, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവയുടെ വ്യാപനം കാരണം ലിഥിയം, കോബാള്‍ട്ട്, നിക്കല്‍, വിരളമായ ഭൗമ മൂലകങ്ങള്‍ തുടങ്ങിയ ധാതുക്കള്‍ക്കുള്ള ഭാരതത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. ആഭ്യന്തര പര്യവേക്ഷണവും ഉല്‍പ്പാദനവും ആകര്‍ഷകമല്ലാതായാല്‍, ഭാരതത്തിന് വിദേശ രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ധാതു സുരക്ഷ സാമ്പത്തിക സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭാരതത്തിന് ഭൂഗര്‍ഭ വിഭവങ്ങള്‍ ഉണ്ടെങ്കിലും നിയന്ത്രണ സംബന്ധമായ അനിശ്ചിതത്വങ്ങള്‍ കാരണം അവ മത്സരബുദ്ധിയോടെ വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ധാതുക്കള്‍ക്കായി പോലും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നേക്കാം.
കേന്ദ്ര-സംസ്ഥാന അധികാര സന്തുലിതാവസ്ഥ
സംസ്ഥാനങ്ങള്‍ക്ക് ധാതു വിഭവങ്ങളില്‍ നികുതി ചുമത്താന്‍ ഭരണഘടനാപരമായ അധികാരമുള്ളതിനാല്‍, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെക്കുറിച്ച് ഈ ഭേദഗതി ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നു. ഈ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തേയും സാമ്പത്തിക സ്വയംഭരണത്തെയും ബാധിക്കുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. എന്നാല്‍ ധാതു വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന നികുതികള്‍ക്ക് പരിധി നിശ്ചയിക്കാന്‍ പാര്‍ലമെന്റിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
വരുമാനത്തെച്ചൊല്ലിയുള്ള ലളിതമായ കേന്ദ്ര-സംസ്ഥാന തര്‍ക്കത്തേക്കാള്‍ സങ്കീര്‍ണ്ണമാണ് ഈ വിഷയം. ഭരണഘടന പാര്‍ലമെന്റിന് ഖനികളുടെയും ധാതു വികസനത്തിന്റെയും നിയന്ത്രണാധികാരം നല്‍കുന്നു, അതേസമയം പാര്‍ലമെന്റ് നിശ്ചയിക്കുന്ന പരിധികള്‍ക്ക് വിധേയമായി സംസ്ഥാനങ്ങള്‍ നികുതി അധികാരം നിലനിര്‍ത്തുന്നു. 2026ലെ ഈ പരിഷ്‌കാരം കൂടുതല്‍ ഏകീകൃതമായ ഒരു സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കും.
ഭേദഗതി നിലവിലുള്ള റോയല്‍റ്റി, ലേല പ്രീമിയം വ്യവസ്ഥകളില്‍ മാറ്റമൊന്നും വരുത്തുന്നില്ല. റോയല്‍റ്റി, ലേല പ്രീമിയം, മറ്റ് നിയമപരമായ സംവിധാനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനം തുടര്‍ന്നും ലഭിക്കും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതികള്‍, സെസ്സുകള്‍, ലെവികള്‍ എന്നിവയിലാണ് ഭേദഗതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഴുവന്‍ ഖനന സമ്പദ് വ്യവസ്ഥയുടെയും നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുന്നു എന്ന് ഈ ഭേദഗതിയെ വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. സംസ്ഥാനങ്ങള്‍ക്ക് ധാതു സംബന്ധിയായ വരുമാനം ലഭിക്കുന്ന നിലവിലുള്ള ചട്ടക്കൂട് നിലനിര്‍ത്തിക്കൊണ്ടുതന്നെ, അധിക സംസ്ഥാനതല നികുതികളെക്കുറിച്ചുള്ള അനിശ്ചിതത്വം കുറയ്‌ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വ്യാവസായിക മുന്നേറ്റവും ഭാവി കാഴ്ചപ്പാടും
സുതാര്യമായ ലേലം, പര്യവേക്ഷണം, ധാതുവിഭവങ്ങളുടെ വേഗത്തിലുള്ള വികസനം എന്നിവയ്‌ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിക്കൊണ്ട് 2015 മുതല്‍ സര്‍ക്കാര്‍ ഖനന മേഖലയിലെ ചട്ടക്കൂടുകളില്‍ മാറ്റങ്ങള്‍ വരുത്തിവരികയാണ്. 2023ലെയും 2025ലെയും എംഎംഡിആര്‍ പരിഷ്‌കാരങ്ങള്‍, നിര്‍ണായകവും തന്ത്രപ്രധാനവുമായ ധാതുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ പര്യവേക്ഷണത്തിനും ഉല്‍പ്പാദനത്തിനുമുള്ള അവസരങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു.
കല്‍ക്കരി ബ്ലോക്കുകള്‍ക്കായി പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരന്റികള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഷൂററ്റി ബോണ്ടുകള്‍ അനുവദിക്കുക, ഖനന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ലേല നിയമങ്ങള്‍ നടപ്പിലാക്കുക, നിര്‍ണായക-തന്ത്രപ്രധാന ധാതു ബ്ലോക്കുകളുടെ കൂടുതല്‍ ലേലങ്ങള്‍ നടത്തുക എന്നിവയൊക്കെ ഈ വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. ഖനന മേഖലയ്‌ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ എളുപ്പമാക്കാനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നടപടികള്‍.













