തൃശൂര്‍: നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നയാളായിരുന്നു മാടമ്പ്. ജ്ഞാന തൃഷ്ണയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ജീവിതത്തെ അത്ര ഗൗരവത്തില്‍ കാണാതിരുന്ന മാടമ്പ് ഏര്‍പ്പെട്ട എല്ലാരംഗത്തും തിളങ്ങി, ജയകുമാര്‍ പറഞ്ഞു. മാടമ്പിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശ്യാമപ്രസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സംവിധായകന്‍ ജയരാജ് മാടമ്പ് അനുസ്മരണ പ്രസംഗം നടത്തി. എം.കെ. ദേവരാജന്‍, ശ്രീകുമാര്‍ ഇഴുവപ്പാടി, നടി കുക്കു പരമേശ്വരന്‍, സുധാകരന്‍ പാവറട്ടി തുടങ്ങിയവരും സംസാരിച്ചു.











