ന്യൂയോര്‍ക്ക്: സീസണിലെ നാലാമത്തെയും അവസാനത്തെയും ഗ്രാന്‍ഡ് സ്‌ലാം ടെന്നീസ് ടൂര്‍ണമെന്റ് യുഎസ് ഓപ്പണിന് ഇന്ന് തുടക്കം. ഭാരത സമയം രാത്രി 8.30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ന് നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് താരം അമേരിക്കയുടെ ജെസീക്ക പെഗ്യൂളയും പുരുഷ സിംഗിള്‍സില്‍ ഏഴാം സീഡ് താരം റഷ്യയുടെ ഡാനില്‍ മെദ്‌വെദെവും മത്സരിക്കാനിറങ്ങും.
റുമാനിയയില്‍ നിന്നുള്ള എലേന റൂസ് ആണ് പെഗ്യൂളയുടെ ആദ്യറൗണ്ട് എതിരാളി. മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ സീഡഡ് താരങ്ങളായ ജാസ്മിന്‍ പാവോലിനി, എക്കാട്ടെറിന അലെക്‌സാണ്ട്രോവ, മാര്‍ത്ത കോസ്റ്റിയൂക്, ബാര്‍ബോറ ക്രെയ്‌സിക്കോവ തുടങ്ങിയ താരങ്ങള്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കായി ഇറങ്ങും.
പുരുഷ സിംഗിള്‍സില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ദാനില്‍ മെദ്‌വെദെവിന് ഇന്നത്തെ എതിരാളി ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റണ്‍ ആണ്. സീസണില്‍ ദുബായി ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയ മെദ്‌വെദെവ് ഒരു ഇടവേളയ്‌ക്ക് ശേഷം എടിപി റാങ്കിങ്ങിലെ ആദ്യ പത്തിനുള്ളില്‍ തിരിച്ചെത്തിയിരുന്നു. ദുബായി ഓപ്പണിന് പിന്നാലെ ഇന്ത്യന്‍ വെല്‍സ് ഫൈനല്‍ വരെ മുന്നേറിയതിന് പിന്നാലെയാണ് ആദ്യ പത്തിലേക്ക് വീണ്ടും ഉയര്‍ന്നത്.













