Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: യൂറോപ്പിൽ നടന്ന കാർ റേസിങ് മത്സരത്തിനിടെ നടൻ അജിത് കുമാർ അപകടത്തിൽപ്പെട്ടു. താരം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മത്സരത്തിനിടെ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വലിയ അപകടത്തിൽ നിന്നും അജിത് യാതൊരു പരുക്കുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ പ്രമുഖ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു അജിത് അപകടത്തിൽപ്പെട്ടത്.

റേസിങ്ങിനെയും പ്രഫഷനായി കാണുന്ന അജിത് കുമാർ അന്താരാഷ്‌ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. വിവിധ ഫോർമുല ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിയായിട്ടുള്ള അജിത് 2003ൽ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ക്രെവന്റിക് 24 എച്ച് സീരീസ്, ജിടി4 യൂറോപ്യൻ സീരീസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ട്രാക്കുകളിൽ അജിത് പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്

അജിത് അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. മുൻപും റേസിങ്ങിനിടെയും പരിശീലനത്തിനിടെയും അദ്ദേഹം അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 2025ൽ ഇറ്റലിയിൽ നടന്ന യൂറോപ്യൻ സീരീസിനിടെ വാഹനം അപകടത്തിൽപ്പെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേ വർഷം സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിനിടയില്‍ ഉണ്ടായ അപകടത്തിൽ നിന്നും അജിത് രക്ഷപ്പെട്ടിരുന്നു.  അപകടസാധ്യതകൾക്കിടയിലും മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശം തുടരുകയാണ് താരം.

റേസിങ്ങിനിടെയുണ്ടാകുന്ന അപകടങ്ങളെ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ച് മുൻപ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അജിത് മനസ്സുതുറന്നിരുന്നു. അപകടം സംഭവിക്കുമ്പോൾതന്നെ തനിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും വാഹനത്തിന് എന്ത് സംഭവിച്ചു എന്നും പരിശോധിക്കുകയാണ് ആദ്യം ചെയ്യാറെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സുരക്ഷയും കാറിന്റെ അവസ്ഥയും ബോധ്യപ്പെട്ടാൽ മത്സരം പുനരാരംഭിക്കാൻ കഴിയുമോ എന്നാണ് പിന്നീട് ശ്രദ്ധിക്കുക. മത്സരം തുടരാം എന്നു മനസ്സിലായി കഴിഞ്ഞാൽ ഉടൻ മത്സരം പൂർത്തിയാക്കണമെന്ന വാശിയിലേക്ക് മനസ്സെത്തുമെന്നും ‘DNF’ (Did Not Finish) ആയി മത്സരം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ കുടുംബം വിഷമിക്കുന്നത് അറിയാമെന്നും അവരെ അത്തരം വിഷമത്തിലൂടെ കൊണ്ടുപോകുന്നത് ശരിയല്ലെന്നും അജിത് പറഞ്ഞു. താൻ നടൻ ആയതുകൊണ്ടുമാത്രമാണ് അപകടം വലിയ വാർത്തയാകുന്നത് എന്നും അജിത് പറഞ്ഞു.

Recent Posts