ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് എക്‌സ് ഹാന്‍ഡിലിലൂടെയാണ് പ്രകാശനം ചെയ്തത്. കാലാതീതമായ ശ്രീരാമകഥയുടെ യാത്രയും വൈവിധ്യമാര്‍ന്ന കഥാപാരമ്പര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ജന്മഭൂമിയുടെ സംരംഭത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഇത്തരം സാംസ്‌കാരികവും വിജ്ഞാനപരവുമായ സംരംഭങ്ങള്‍ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കണം. കോണ്‍ക്ലേവിന്റെ വിജയത്തിന് ആശംസകളും നേര്‍ന്നു.
സപ്തംബര്‍ 18 മുതല്‍ 20 വരെ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ക്ലേവിന് വേദി ഒരുങ്ങുന്നത്. 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. രാമായണത്തിന്റെ വിവിധ പ്രാദേശിക പാരമ്പര്യങ്ങള്‍, സാംസ്‌കാരിക സ്വാധീനം, സമകാലിക പ്രസക്തി എന്നിവയെ ആസ്പദമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്കാദമീഷ്യന്മാര്‍, ഗവേഷകര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും.
കോണ്‍ക്ലേവിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷനും പ്രബന്ധ അവതരണത്തിനുള്ള അപേക്ഷകളും ജന്മഭൂമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ംംം.ഷമിാമയവൗാശ.ശി വഴി ആരംഭിച്ചിട്ടുണ്ട്. 2026 സെപ്റ്റംബര്‍ 12 ആണ് രജിസ്ട്രേഷനും പ്രബന്ധ സമര്‍പ്പണത്തിനുമുള്ള അവസാന തീയതി.
















