
ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ അപരിഷ്‌കൃതവും അക്രമാസക്തവുമായ സമരാഭാസങ്ങള്‍ക്ക് കേരളം വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന്റെ പ്രതീകാത്മക ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയും, ആദരണീയയായ അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്ത എസ്എഫ്‌ഐക്കാര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയാണ് അപമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ പേരില്‍ നടമാടുന്ന ഇത്തരം ഫാസിസ്റ്റ് രീതികളെ അംഗീകരിക്കാത്തതിന്റെ പേരില്‍ പാലക്കാട് വിക്ടോറിയ കോളജിലെ വനിതാ പ്രിന്‍സിപ്പാളിന് കുഴിമാടം തീര്‍ത്തും, എറണാകുളം മഹാരാജാസ് കോളേജിലെ വനിതാ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും അഴിഞ്ഞാടിയ എസ്എഫ്‌ഐക്കാര്‍ സംസ്‌കൃത സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും ഗുരുനിന്ദയില്‍ ഒരു പടികൂടി മുന്നോട്ടുപോയിരിക്കുകയാണ്.
സമരത്തിന്റെ പേരില്‍ തനിക്കെതിരെ എസ്എഫ്‌ഐക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സിസാ തോമസ് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടുക്കമുണ്ടാക്കുന്നതാണ്. എസ്എഫ്‌ഐയുടെ അപരിഷ്‌കൃതമായ സമരത്തിന് ഇടത് യൂണിയനിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പരസ്യ പിന്തുണയുണ്ടായിരുന്നെന്ന് പരാതിയില്‍ എടുത്തു പറഞ്ഞിരിക്കുന്നു. സര്‍വകലാശാലയ്‌ക്ക് പുറത്തെ സിപിഎമ്മുകാരില്‍ നിന്ന് പിന്തുണ ലഭിച്ചോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.
എസ്എഫ്‌ഐയുടെ അപരിഷ്‌കൃത സമരങ്ങളെ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും നടപടി ഇവിടെ അവസാനിപ്പിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ കലാലയങ്ങളില്‍ എസ്എഫ്‌ഐ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യം സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യം സംരക്ഷിക്കലാണ്. ഇക്കാര്യത്തില്‍ ഇവര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവും. ഇതിനാലാണ് സിപിഎമ്മിന് അനഭിമതരായ പ്രിന്‍സിപ്പല്‍ മാര്‍ക്കും വൈസ് ചാന്‍സലര്‍മാര്‍ക്കുമെതിരെ നിയമം കയ്യിലെടുത്ത് ഇവര്‍ കടന്നാക്രമണം നടത്തുന്നത്. ഇതിന്റെ തെളിവായിരുന്നു ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ സമരവും കൊലവിളിയും. അന്ന് ഭരണം നടത്തിയിരുന്ന പിണറായി സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഈ അഴിഞ്ഞാട്ടത്തിന് ലഭിച്ചിരുന്നു. ഭരണം മാറിയിട്ടും ഇത്തരം പേക്കൂത്തുകള്‍ തുടരാന്‍ എസ്എഫ്‌ഐയെ അനുവദിക്കാന്‍ പാടില്ല.
കലാലയങ്ങളില്‍ സമരങ്ങള്‍ നടത്താന്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അവകാശമുണ്ട്. പക്ഷേ അത് ജനാധിപത്യപരവും സമാധാനപരവുമായിരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കോടതികളെ സമീപിക്കാന്‍ പോലും വിദ്യാര്‍ഥികള്‍ക്ക് കഴിയും. മുന്‍കാലത്ത് ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാതെ കലാലയാന്തരീക്ഷത്തെ അക്രമസമരങ്ങളില്‍ മുക്കിക്കൊല്ലുന്നത് വിദ്യാര്‍ഥികളുടെ ഭാവി തുലച്ചുകളയും. വിദ്യാര്‍ത്ഥികളെ വിപ്ലവ വ്യാമോഹത്തില്‍ തളച്ചിടാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ അവരെ ലഹരിയുടെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പാതയിലൂടെ നടത്തിച്ച് രാഷ്‌ട്രീയമായി മുതലെടുക്കുകയാണ്. ഈ സത്യം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പൊതുസമൂഹവും തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. എസ്എഫ്‌ഐയുടെ സമരാഭാസങ്ങള്‍ സാംസ്‌കാരിക കേരളത്തിനു തന്നെ അപമാനമാണ്.
അധികാരം നഷ്ടപ്പെട്ടതിലുള്ള സിപിഎമ്മിന്റെ അമര്‍ഷം കൂടിയാണ് ഇപ്പോഴത്തെ എസ്എഫ്‌ഐയുടെ സമരാഭാസങ്ങളിലൂടെ പുറത്തുവരുന്നത്. ഇതുകൊണ്ടാണ് സിപിഎമ്മിന്റെ ഉപ്പും ചോറും തിന്ന് വളരുന്ന സാംസ്‌കാരിക നായകന്മാര്‍ കലാലയങ്ങളിലെ എസ്എഫ്‌ഐയുടെ കാട്ടാള രീതി കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം സമരാഭാസങ്ങളെ സാംസ്‌കാരിക രംഗത്തെ നായകന്മാരും നായികമാരും വിമര്‍ശിച്ചിരുന്നെങ്കില്‍ അത് ആവര്‍ത്തിക്കപ്പെടുമായിരുന്നില്ല. അസാന്മാര്‍ഗികവും അപരിഷ്‌കൃതവുമായ പ്രവൃത്തികള്‍ എസ്എഫ്‌ഐ ചെയ്യുമ്പോള്‍ അതിനെ കലയുടെ പേരിട്ട് വിളിച്ച് ന്യായീകരിക്കുന്നത് സാംസ്‌കാരിക ജീര്‍ണ്ണതയാണ്. ഒരു വനിത പ്രിന്‍സിപ്പാളിന് കോളജില്‍ എസ്എഫ്‌ഐക്കാര്‍ കുഴിമാടമൊരുക്കിയപ്പോള്‍ അത് ‘ഇന്‍സ്റ്റലേഷന്‍’ എന്ന ആധുനിക കലാരൂപമാണെന്ന് ന്യായീകരിച്ച നേതാവിനെ പിന്‍പറ്റിയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.