ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളങ്ങള്‍ കേവലം ആഘോഷമോ അലങ്കാരമോ അല്ല. അത് സംസ്‌കാരത്തിന്റെയും പ്രകൃതിബന്ധത്തിന്റെയും വിപണി ഇടപെടലിന്റെയും പ്രതിഫലനമാണ്.
തൃക്കാക്കരയപ്പനെയും മഹാബലി തമ്പുരാനെയും വരവേല്‍ക്കാനാണ് അത്തം മുതല്‍ പത്തുദിവസം പൂക്കളമിടുന്നത്. വടക്കേ മുറ്റത്ത് ചാണകം മെഴുകി, അത്തത്തിന് തുമ്പപ്പൂവില്‍ തുടങ്ങുന്ന ഒരു വലയത്തില്‍ തുടങ്ങി തിരുവോണത്തിന് പത്തു വലയങ്ങളുള്ള ബൃഹത്തായ പൂക്കളമായി പര്യവസാനിക്കുന്നു. സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് ഓരോ പൂക്കളവും മണ്ണില്‍ തെളിയുന്നത്.
നാട്ടുപൂക്കളങ്ങളുടെ തനതുധര്‍മ്മം
പരമ്പരാഗതമായി അത്തപ്പൂക്കളത്തില്‍ ഓരോ പൂവിനും കൃത്യമായ സ്ഥാനവും ഔഷധ-പ്രകൃതിദത്തമായ ധര്‍മ്മവുമുണ്ടായിരുന്നു.
തുമ്പപ്പൂ: വിശുദ്ധിയുടെയും ഏകാഗ്രതയുടെയും പ്രതീകം. അന്തരീക്ഷത്തിലെ ഈര്‍പ്പത്തെയും ബാക്ടീരിയകളെയും ചെറുക്കുന്ന ഔഷധഗുണവും ഇതിനുണ്ട്.
മുക്കുറ്റി: ഭൂമിദേവിയുടെ ലജ്ജയെന്നും മംഗല്യസൗഭാഗ്യമെന്നും അറിയപ്പെടുന്നു. പാദരക്ഷകളില്ലാതെ മുക്കുറ്റി പറിക്കുമ്പോഴുണ്ടാകുന്ന സ്പര്‍ശനം പ്രകൃതിയുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നു.
തെച്ചി (തെറ്റി): ഊര്‍ജ്ജത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകം. രക്തവര്‍ണ്ണത്താല്‍ പൂക്കളത്തിന് ദൃശ്യഭംഗിയും ജീവസ്സും നല്‍കുന്നു.
കാക്കപ്പൂവും അരിപ്പൂവും: ജൈവവൈവിധ്യത്തിന്റെ സന്ദേശം. നിസ്സാരമെന്ന് കരുതുന്ന വഴിപോക്കന്‍ പൂക്കള്‍ക്കും പ്രകൃതിയില്‍ തുല്യസ്ഥാനമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
പൂപറിക്കല്‍ ക്രൂരതയോ?
ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍ പറിച്ചെടുക്കുന്നത് അവയുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തലല്ലേ എന്ന ചോദ്യം പ്രസക്തമാണ്. നാട്ടുപൂക്കള്‍ കേവലം ഒന്നോ രണ്ടോ ദിവസത്തെ മാത്രം ആയുസ്സുള്ളവയാണ്. അതിനാല്‍ അവ പറിച്ചെടുത്താലും ഇല്ലെങ്കിലും മൂന്നാംനാള്‍ വാടിവീഴും. വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ തലപ്പുകള്‍ പറിച്ചെടുക്കുന്നത് ചെടിയില്‍ കൂടുതല്‍ ശാഖകള്‍ പൊട്ടാനും പുതിയ മൊട്ടുകള്‍ ഉണ്ടാകാനും സഹായിക്കുമെന്ന് സസ്യശാസ്ത്രം. പ്രകൃതിയില്‍ സ്വാഭാവികമായി കൊഴിഞ്ഞുപോകുന്നതിന് മുന്‍പ് അവയെ മനോഹരമായൊരു ആചാരത്തിന്റെ ഭാഗമാക്കുകയാണ് പൂക്കളത്തില്‍ ചെയ്യുന്നത്.
പൂവിളിയുടെ അര്‍ത്ഥം
ഒരുകാലത്ത് പൂവിളി എന്നത് ഗ്രാമീണ കൂട്ടായ്‌മയുടെ ഉച്ചഭാഷണമായിരുന്നു. വള്ളിക്കാടുകളിലും തൊടികളിലും കുട്ടികള്‍ ഒന്നിച്ചുചേര്‍ന്ന് പൂക്കള്‍ തിരയുന്നതിലൂടെ പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെയുമൊക്കെ വലിയ പാഠങ്ങളാണ് പഠിച്ചിരുന്നത്. ജാതി-മത ചിന്തകള്‍ക്കപ്പുറം പ്രകൃതിയോട് മനുഷ്യനെ കണ്ണിയാക്കുന്ന ഒരു സാര്‍വലൗകികതയായിരുന്നു ആ പൂവിളികള്‍. പ്രകൃതിയുടെ ഉടമസ്ഥതയല്ല, മറിച്ച് അതിനോടുള്ള സഹവര്‍ത്തിത്വമാണ് ജീവന്റെ നിലനില്‍പ്പിന് ആവശ്യം എന്ന് പൂവിളികള്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ നാട്ടുപൂക്കള്‍ അപ്രത്യക്ഷമായതോടെ പ്രകൃതിയോടുള്ള ഈ സര്‍ഗ്ഗാത്മക ബന്ധവും ഇല്ലാതായി.
പൂക്കളത്തിലെ വിപണിതന്ത്രം
ഇന്ന് ഓണവിപണിയില്‍ നിറയുന്നത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കളാണ്. തോവാളയും ഹൊസൂരും പോലെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പൂക്കളാണ് ഓരോ ഓണക്കാലത്തും കേരളത്തിലേക്ക് വരുന്നത്. കോടിക്കണക്കിന് രൂപയുടേതാണ് ഈ പൂവ്യാപാരം.
നമ്മുടെ പറമ്പുകളും തൊടികളും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും വാണിജ്യ വിളകള്‍ക്കും വഴിമാറിയപ്പോള്‍ നാടന്‍ പൂച്ചെടികള്‍ക്ക് ഇടമില്ലാതായി. മലയാളിയുടെ ഈ അലംഭാവവും പ്രകൃതിയില്‍ നിന്നുള്ള അകല്‍ച്ചയുമാണ് നമ്മുടെ പൂക്കളങ്ങള്‍ക്കു പോലും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നത്.
തിരുവോണശ്രുതി
നാട്ടുപൂക്കളെയും പൂവിളിയുടെ പ്രകൃതിബോധത്തെയും തിരിച്ചുപിടിക്കുമ്പോള്‍ മാത്രമേ ഓണം നല്‍കുന്ന യഥാര്‍ത്ഥ സന്ദേശം വരുംതലമുറയ്‌ക്ക് കൈമാറാന്‍ ഓരോ മലയാളിക്കും സാധിക്കൂ.
















