Categories: India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജോധ്പൂര്‍: സമാജപരിവര്‍ത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. സംഘം മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയാണ്. നമ്മള്‍ എവിടെ നിന്ന് തുടങ്ങി, എന്ത് നേടി, എന്ത് നേടിയില്ല എന്നൊക്കെ ആത്മപരിശോധന നടത്താനുള്ള അവസരമാണ് ശതാബ്ദി. അതിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജോധ്പൂരിലെ യുവ ഡോക്ടര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ഒരു രാജ്യത്തിന്റെ വിധി മാറ്റണമെങ്കില്‍, സമൂഹം മാറണം. കുറച്ച് മഹാന്മാര്‍ക്ക് ഒരു മഹത്തായ രാഷ്‌ട്രം സൃഷ്ടിക്കാന്‍ കഴിയില്ല. ജനതയ്‌ക്ക് രാഷ്‌ട്രത്തിന്റെ രൂപത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ആത്മവിസ്മൃതിയാണ്. ആളുകള്‍ നിസ്സാരകാര്യങ്ങളില്‍ ആശങ്കപ്പെടുകയും നമ്മുടെ പൊതുപൈതൃകം മറക്കുകയും ചെയ്യുന്നു.

എല്ലാറ്റിനുമുപരിയായി രാഷ്‌ട്രബോധം നാം നിരന്തരം ഉണര്‍ത്തണം, രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം. അച്ചടക്കബോധവും സംഘാടനബോധവും ശക്തിപ്പെടുത്തി മുന്നോട്ട് പോകണം. ഇത് സമൂഹത്തിന് ആത്മവിശ്വാസവും ആത്മാഭിമാനവും പകരുന്നു. മാറ്റം ആരംഭിക്കേണ്ടത് അവനവനില്‍ നിന്നാണ്. വ്യത്യാസങ്ങള്‍ക്കപ്പുറം ഉയര്‍ന്നുവന്ന് ദേശീയ വികാരത്തോടെ പ്രവര്‍ത്തിക്കണം അരുണ്‍കുമാര്‍ പറഞ്ഞു.

കര്‍വാഡ് ആയുര്‍വേദ സര്‍വകലാശാല ചാന്‍സലര്‍ ഗോവിന്ദ് സഹായ് ശുക്ലയും പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മയും പങ്കെടുത്തു.

Recent Posts