
മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് (നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
ഇസ്ലാമബാദ്: മുന്‍പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം വേദി പങ്കിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ പാക് ഭരണകൂടങ്ങളുടെ ഭീകര ബന്ധമാണ് ഒരിക്കല്‍ കൂടി തെളിവു സഹിതം പുറത്തുവന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ട് ഭാരതത്തിനെതിരെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്നു അവാമി മുസ്ലിം ലീഗ് സ്ഥാപകനായ ഷെയ്ഖ് റഷീദ് അഹമ്മദ്. ലഷ്‌കര്‍ കമാന്‍ഡര്‍മാരായ ഖാലിദ് മസൂദ് സന്ധു, ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവര്‍ക്കൊപ്പം വേദി പങ്കിടുന്ന വീഡിയോയാണ് പുറത്തുവന്നത്.
താന്‍ ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സെയ്ദിന്റെ അനുയായിയാണെന്നും അടിമയാണെന്നും ഷെയ്ഖ് റഷീദ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പാകിസ്ഥാന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാരതം മുതലെടുക്കുകയാണെന്നും ഭാരതം പാകിസ്ഥാനെതിരെ നീങ്ങിയാല്‍ തകര്‍ക്കുമെന്നും ഇയാള്‍ വിളിച്ചു പറയുന്നുമുണ്ട്.
”ഭാരതം പാകിസ്ഥാനിലേക്ക് നോക്കിയാല്‍ പോലും ഞങ്ങള്‍ ഭാരതത്തെ തകര്‍ക്കും. ഭാരതത്തില്‍ പക്ഷികള്‍ പോലും ചിലയ്‌ക്കില്ല, ക്ഷേത്രങ്ങളിലെ മണികള്‍ മുഴങ്ങില്ല” വീഡിയോയില്‍ പറയുന്നു.