Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Published by
എം. ബാലകൃഷ്ണന്‍

വീണ്ടും ഒരു ആഗസ്ത് 9. നെടുനാള്‍ നീണ്ടു നിന്ന ഭാരത സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ അവസാന അങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1940 കളിലെ ഐതിഹാസിക സമരത്തിന്റെ സ്മരണകളില്‍ ആഗസ്ത് 9 ന് പറയാനുള്ളത് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യവുമായി അണിനിരന്ന 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ചരിത്രമാണ്. വര്‍ത്തമാനകാല ഭാരതത്തിന്റെ രാഷ്‌ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു എന്നതും മറക്കാതിരിക്കണം. സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ വിവിധ ഘട്ടങ്ങളില്‍ കുറുമുന്നണിയായി നിന്നവര്‍ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു. വിഭജനത്തിന്റെയും വിഘടനവാദത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കുന്നതില്‍ നമുക്ക് ചുറ്റും ഇന്നും അവര്‍ സജീവമാണ്, സഖ്യകക്ഷികളാണ്. ആഗസ്ത് ഒമ്പതിന്റെ സ്മരണകളില്‍ ഈ ചരിത്ര പാഠം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ പിന്നില്‍ നിന്ന് കുത്തിയ കമ്യൂണിസ്റ്റ് വഞ്ചനയുടെ ആഴം എത്രയാണെന്ന് ആ പാര്‍ട്ടിയുടെ ചരിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. കൊടുംചതിയുടെ ക്രൂരരേഖകള്‍ പുറത്തുവിട്ടുകൊണ്ട് വിഖ്യാത പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരി 1984 മാര്‍ച്ച് 18 മുതല്‍ നാല് ലക്കങ്ങളായി എഴുതിയ ഗവേഷണ ലേഖനങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖത്തേറ്റ പ്രഹരമായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത് മുതല്‍ നായനാര്‍ വരെയും ഇഎംഎസ് മുതല്‍ പി. ഗോവിന്ദപ്പിള്ളവരെയുമുള്ളവര്‍ വിശദീകരണ ക്യാപ്‌സൂളുകളുമായി രംഗത്ത് വന്നെങ്കിലും അരുണ്‍ ഷൂരിയുടെ കണ്ടെത്തലുകള്‍ക്ക് മുമ്പില്‍ സിപിഎം, സിപിഐ രാഷ്‌ട്രീയത്തിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണു. മാര്‍ഗനിര്‍ദ്ദേശത്തിന് മോസ്‌കോവിലേക്കും ബ്രിട്ടണിലേക്കും നോക്കി നില്‍ക്കുന്ന കമ്യൂണിസ്റ്റുകളുടെ ആശയ ദാരിദ്ര്യത്തെയും ആര്‍ത്ഥിക ദാരിദ്ര്യത്തെയും കുറിച്ച് അദ്ദേഹമെഴുതി. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ വാലായി നില്‍ക്കുകയും മോസ്‌കോയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി. ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഗാന്ധിജിയെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകളുടെ ഉന്നമെന്തായിരുന്നുവെന്ന് തുറന്നു കാണിച്ച ഷൂരി, നേതാജിയെ ജപ്പാന്റെ ചെരുപ്പു നക്കിയെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചതിന് പിന്നിലെ വിദേശ താല്‍പ്പര്യമെന്തെന്നും വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍. അവര്‍ക്ക് കൂട്ടായി രാഷ്‌ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം പരാജയപ്പെടുത്തി ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതില്‍ ഇവര്‍ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവര്‍ വിശദീകരിച്ചത്. 1943 മെയ് 23 മുതല്‍ ജൂണ്‍ 1 വരെ ബോംബെയില്‍വെച്ച് നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ‘ഒറ്റിക്കൊടുക്കുന്നതിന്റെ’ ആഗോള സാഹചര്യം വിശദീകരിക്കപ്പെട്ടു. കര്‍ഷകര്‍ പാടങ്ങള്‍ ബഹിഷ്‌കരിച്ചും തൊഴിലാളികള്‍ തൊഴിലിടങ്ങള്‍ വിട്ടിറങ്ങിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍, വ്യാവസായിക, ഭക്ഷ്യോത്പാദന വര്‍ധനവിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തൊഴിലാളികളോടും കര്‍ഷകരോടും ആഹ്വാനം ചെയ്യുന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. കൂടുതല്‍ ഭക്ഷ്യോത്പാദനമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസംഗം. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന ബ്രിട്ടീഷ് സൈനികര്‍ പട്ടിണി കിടക്കരുതെന്ന് നമ്പൂതിരിപ്പാടിനും പാര്‍ട്ടിക്കും നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ 1948 ല്‍ 80 പേജുള്ള’സ്വയം വിമര്‍ശനപരമായ റിപ്പോര്‍ട്ട്’ തയാറാക്കി സ്വതന്ത്ര ഭാരതത്തില്‍ പിടിച്ചു നില്‍ക്കാനുള്ള അടവും ലജ്ജയില്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ടു.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ കൈക്കൊണ്ട നടപടികള്‍ എന്തെന്നുകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്‌ട്രീയമായും ശാരീരികമായും ഇല്ലാതാക്കാന്‍ ഒരുമിച്ച കമ്യൂണിസ്റ്റ് – മുസ്ലീം ലീഗ് സഖ്യം ഇവിടെയും ഐക്യമുന്നണിയായി. സിപിഎം നേതൃത്വത്തിലുള്ള കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം 2011 ഡിസംബറില്‍ പുറത്തിറക്കിയ കോഴിക്കോട് ജില്ല കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഈ സഖ്യകക്ഷി ഇടപാടുകള്‍ വിശദമായി വിവരിക്കുന്നുണ്ട്. രാജ്യമെങ്ങും തൊഴിലാളികളും കര്‍ഷകരും പണിമുടക്കി ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാന്‍ പ്രക്ഷോഭത്തിലണിചേര്‍ന്നപ്പോള്‍ കൂടുതല്‍ പണിയെടുക്കാനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തത്. ഇതിനായി പാര്‍ട്ടി പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചു. കപ്പയുണ്ടാക്കാനും നെല്ലുണ്ടാക്കാനും തുണി നെയ്യാനും തൊഴിലാളികളുടെ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചു. ‘മുന്നണിയില്‍ നാടു കാക്കുന്ന പട്ടാളക്കാര്‍ക്കും പിന്നണിയിലുള്ള നാട്ടുകാര്‍ക്കും ഒരു പോലെ ഒഴിച്ചുകൂടാനാകാത്ത വസ്ത്രം സുലഭമായും താങ്ങാനാവുന്ന വിലക്കും കിട്ടുമാറാക്കാന്‍ – കൂടുതല്‍ വസ്‌ത്രോത്പാദനമാണ് ഏക മാര്‍ഗം എന്ന് വ്യക്തമാണല്ലോ. അതിനാല്‍ കൂടുതല്‍ തുണിയുണ്ടാക്കാന്‍ തൊഴിലാളികള്‍ തയ്യാറാണ് എന്നായിരുന്നു 1943 മെയ് അഞ്ചിന് എഐടിയുസി നേതാവ് എന്‍.സി. ശേഖര്‍ പങ്കെടുത്ത കോഴിക്കോട് യോഗത്തിന്റെ തീരുമാനം. മെയ് 23ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കമ്യൂണിസ്റ്റ് നേതാവ് മഞ്ചുനാഥ റാവുവാണ് അധ്യക്ഷത വഹിച്ചത്. തുണിയുല്‍പ്പാദനം വര്‍ധിപ്പിക്കാനായിരുന്നു യോഗ തീരുമാനം. വള്ളുവനാട്ടില്‍ കൃഷിക്കാര്‍ ഇളകിത്തുടങ്ങിയെന്നും ഇഎംഎസിന്റെ താലൂക്കില്‍ ആ പേരിനുള്ള അര്‍ഹത സമ്പാദിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ‘ഉത്പാദന വര്‍ധനവിനെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ 525 പേര്‍ പങ്കെടുത്തു. 123 സ്ത്രീകള്‍, ഇതില്‍ 25 മുസ്ലീം സ്ത്രീകള്‍, 60 ആണ്‍കുട്ടികള്‍, 10 മുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 22 പെണ്‍കുട്ടികള്‍ ഇതിന് തയ്യാറായി’

‘1943 മെയ് 12 പെരുവയല്‍ അങ്ങാടിയില്‍ പൊതുയോഗം. ബാലന്മാരുടെയും കൃഷിക്കാരുടെയും വമ്പന്‍ ജാഥ നടന്നു. ഈ അംശത്തിലെ ചെളിക്കുളം തേവി പുതുതായി 150 ഏക്കര്‍ സ്ഥലം പുഞ്ച കൃഷി നടത്തുന്നതിലേക്ക് 9 പേരുള്ള കമ്മിറ്റി രൂപീകരിച്ചു.’

‘1943 മെയ് 23. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സഭാ ഹാളില്‍ ജനാബ് ബാഫക്കി തങ്ങളും അബ്ദുറഹിമാന്‍ സാഹിബും പങ്കെടുത്ത 150 പേരുടെ യോഗം നടന്നു. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനുള്ള പരിപാടികള്‍ തയ്യാറാക്കി.’ തീവ്ര കമ്യൂണിസ്റ്റ് ആയി പിന്നീട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി കുഞ്ഞിക്കണ്ണന്‍ എഡിറ്ററായ, സിപിഎം നേതാവ് ടി.പി. രാമകൃഷ്ണന്‍ ചീഫ് എഡിറ്ററായ പുസ്തകത്തില്‍ (പേജ് 410,411) നിന്നാണ് മുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ ശേഖരിച്ചത്. മുസ്ലിം ലീഗുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകള്‍. തങ്ങളിലുള്ളത് മാനവ രക്തമാണെന്ന് വാഴ്‌ത്തിപ്പാടുന്ന കമ്യൂണിസ്റ്റുകാര്‍ യോഗത്തില്‍ പങ്കെടുത്തവരുടെ മതം തിരിച്ചുള്ള കണക്കും പാര്‍ട്ടി മിനുട്‌സില്‍ എഴുതിവെച്ചു. വര്‍ഗ രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ സഭാ ഹാളുകളിലായിരുന്നു പാര്‍ട്ടി ക്ലാസുകള്‍ സംഘടിപ്പിച്ചത്. പഹല്‍ഗാമില്‍ മതം നോക്കി വെടിയുതിര്‍ത്തവരുടെ മറ്റൊരു പതിപ്പ് !

പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി 1943 മാര്‍ച്ച് 1,2 തീയതികളില്‍ കോഴിക്കോട്ട് നടന്ന ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിലും മുസ്ലിം സാന്നിധ്യത്തെക്കുറിച്ച് പുസ്തകം വാചാലമാകുന്നുണ്ട്. മാര്‍ച്ച് 21 ന് രാത്രി കടപ്പുറത്ത് നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച വില്‍പ്പാട്ടിനെക്കുറിച്ചും പുസ്തകം വിശദമാക്കുന്നു. നാണിയുടെ ചോദ്യം എന്ന വടക്കന്‍ പാട്ടില്‍ നാണി പാടുന്നത് രാജ്യത്താകമാനം നടക്കുന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ചല്ല. സോവിയറ്റ് റഷ്യയെക്കുറിച്ചുള്ള അപദാനമായിരുന്നു അതിലുടനീളം. സോവിയറ്റ് റഷ്യയുടെ ഇന്നത്തെ സ്ഥിതിയില്‍ ആ വരികള്‍ വായിക്കുന്നത് രസകരമായിരിക്കും.

‘അടിമകള്‍ ചങ്ങല പൊട്ടിച്ചുള്ള, അടിയാനും തമ്പ്രാനുമില്ലാതുള്ള, പെണ്ണിനെയാണുങ്ങള്‍ തല്ലാതുള്ള എന്നിലെ വിണ്ണിത് റഷ്യയല്ലോ…’ ഗാന്ധി യുഗം അവസാനിച്ചെന്ന് വിലയിരുത്തിക്കൊണ്ട് കോണ്‍ഗ്രസില്‍ വിഘടിത വിഭാഗമായി മാറിയ കമ്യൂണിസ്റ്റ് ഒറ്റുകാര്‍ റഷ്യയുടെ ഉപഗ്രഹമായി മാറുകയും മുസ്ലീം വേറിടല്‍ വാദത്തെ പിന്തുണയ്‌ക്കുകയുമായിരുന്നു.’ ദേശീയ സമരത്തെ ശരിയായ വഴിയിലേക്ക് കൊണ്ടുപോവുന്നതില്‍ ഗാന്ധി നേതൃത്വം അപര്യാപ്തമാണെന്നും ഗാന്ധിയുഗം അവസാനിച്ചുവെന്നും കൃഷ്ണ പിള്ള പ്രഖ്യാപിച്ചു. (അതേ പുസ്തകം, പുറം 333).’ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും ക്വിറ്റ് ഇന്ത്യ സമരവുമായി നിസഹകരിച്ചത് കാരണം മലബാറിലൊരിടത്തും അതൊരു ബഹുജന സമരമായി വളര്‍ന്നില്ല’ (പേജ് 393) എന്ന് അവകാശപ്പെടാന്‍ സന്തോഷമാണ് പാര്‍ട്ടിക്ക്.

ആഗസ്ത് വിപ്ലവമെന്ന് പേരു കേട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ പിന്നില്‍നിന്ന് കുത്തിയ കമ്യൂണിസ്റ്റുകള്‍ നരസിംഹ റാവുവിന്റെ ഭരണകാലത്ത് രൂപീകരിച്ച ക്വിറ്റ് ഇന്ത്യ സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റിയില്‍ കയറി കൂടിയെന്നതും ചരിത്രത്തിലെ പരിഹാസ്യമായ ഏടുകളിലൊന്നാണ്. അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു. ഇഎംഎസ് നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയിലെ സിപിഎം അംഗങ്ങള്‍. അമേരിക്കന്‍ സാമ്രാജ്യാധിപത്യവുമായി റാവു സര്‍ക്കാര്‍ സന്ധി ചെയ്യുന്നുവെന്ന് വിമര്‍ശിക്കുന്നതിനിടയിലായിരുന്നു സിപിഎമ്മിന്റെ ഈ നാടകം. ‘ഗവണ്‍മെന്റിന്റെ നടപടിയുടെ ഔചിത്യത്തക്കുറിച്ച് എന്തെങ്കിലും പറയാന്‍ എനിക്ക് കഴിവോ ബാധ്യതയോ ഇല്ലെ’ന്നായിരുന്നു അന്ന് നമ്പൂതിരിപ്പാട് വിശദീകരിച്ചത്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാത്ത കമ്യൂണിസ്റ്റുകള്‍ ഇന്നും അതേ തെറ്റുകള്‍ ധൈര്യപൂര്‍വം വര്‍ത്തമാനകാല ഭാരതത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ആഗസ്ത് വിപ്ലവദിനത്തില്‍ ദേശീയവാദികള്‍ ഓര്‍മ്മിക്കേണ്ടത്.

Recent Posts