
തിരുവനന്തപുരം: ജനവാസ മേഖലകളില്‍ കൃഷിക്കും മനുഷ്യജീവനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയിട്ടുള്ള ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി സംസ്ഥാനത്തുടനീളമാക്കി വിപുലീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മനുഷ്യവന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപന അതിര്‍ത്തികളോ ജില്ലാ വ്യത്യാസമോ ഇല്ലാതെ ഇവരുടെ സേവനം വിനിയോഗിക്കാന്‍ ഇതോടെ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിക്കുന്ന ഷൂട്ടര്‍മാര്‍ക്ക് അതത് തദ്ദേശ ഭരണ പരിധിക്കുള്ളില്‍ മാത്രമായിരുന്നു സേവനം അനുഷ്ഠിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുമതി ലഭിച്ച ഷൂട്ടര്‍മാരുടെ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഈ അതിര്‍ത്തി നിര്‍ണയം തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ മുന്‍നിര്‍ത്തി വനംവന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഉത്തരവ് അനുസരിച്ച് 2027 മേയ് 27 വരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ എന്ന നിലയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് കാട്ടുപന്നികളെ വെടി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അധികാരമുണ്ട്.