Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവേശ ക്രിക്കറ്റ് പൂരം കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ മത്സര പട്ടികയായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമൂഹമാധ്യമത്തിലൂടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. വരുന്ന 20 മുതല്‍ സപ്തംബര്‍ അഞ്ച് വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ഫൈനല്‍ ഉള്‍പ്പെടെ ആകെ 33 മത്സരങ്ങളാണുള്ളത്. 30 ലീഗ് പോരാട്ടങ്ങളും രണ്ട് സെമിയും ഫൈനലും. ആറ് ടീമുകളാണ് തുടര്‍ച്ചയായ മൂന്നാം സീസണിലും അണിനിരക്കുക. ആറ് ടീമുകളും റൗണ്ട് റോബിന്‍ സംവിധാനത്തില്‍ രണ്ട് തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയിലേക്ക് കുതിക്കും.

20ന് ഉച്ചയ്‌ക്ക് 2.30ന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തോടെയാണ് മൂന്നാം സീസണ്‍ തുടങ്ങുക. അന്നു വൈകീട്ട് 7.45ന് നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സും തമ്മില്‍ പോരടിക്കും. ദിവസനേ രണ്ട് മത്സരങ്ങള്‍. രണ്ടാം ദിവസം മുതല്‍ വൈകീട്ട് നടക്കുന്ന മത്സരങ്ങള്‍ 6.45നായിരിക്കും ആരംഭിക്കുക. സപ്തംബര്‍ മൂന്നിന് വൈകീട്ട് നടക്കുന്ന തൃശൂര്‍ ടൈറ്റന്‍സ്-ആലപ്പി റിപ്പിള്‍സ് മത്സരത്തോടെ ലീഗ് റൗണ്ട് അവസാനിക്കും. സപ്തംബര്‍ നാലിന് സെമി മത്സരങ്ങള്‍ രണ്ടും നടക്കും. അഞ്ചിന് രാത്രി ഏഴിന് കലാശപ്പോരാട്ടം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആണ് നിലവിലെ ജേതാക്കള്‍ കഴിഞ്ഞ തവണ ഫൈനലില്‍ കൊല്ലം സെയിലേഴ്‌സിനെ 75 റണ്‍സിന് തോല്‍പ്പിച്ചാണ് കൊച്ചി കിരീടം നേടിയത്. കെസിഎല്ലിലെ ആദ്യ ജേതാക്കളായത് കൊല്ലം സെയിലേഴ്‌സ് ആയിരുന്നു.

Recent Posts