കോട്ടയം: ഓണം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓണക്കോടികളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി വസ്ത്രവിപണി സജീവമായിത്തുടങ്ങി. പരമ്പരാഗത കസവ് വസ്ത്രങ്ങള്‍ക്കൊപ്പം പുതുതലമുറയുടെ ഫാഷന്‍ അഭിരുചികള്‍ക്ക് അനുയോജ്യമായ ഒട്ടേറെ പുതിയ ഡിസൈനുകളും കളക്ഷനുകളുമാണ് ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കായി പട്ടില്‍ തീര്‍ത്ത മനോഹരമായ സാരികള്‍, മല്‍മല്‍ ടിഷ്യു സാരികള്‍, ഓര്‍ഗന്‍സ സാരികള്‍, കസവ് സാരികള്‍, ഫ്യൂഷന്‍ സാരികള്‍ തുടങ്ങി വ്യത്യസ്ത ടെക്‌സ്ചറുകളിലും ഡിസൈനുകളിലുമുള്ള പുതിയ കളക്ഷനുകള്‍ ശ്രദ്ധ നേടുന്നു. ഭാരം കുറഞ്ഞതും ശരീരത്തിന് സുഖകരമായി ധരിക്കാവുന്നതുമായ മല്‍മല്‍ ടിഷ്യു സാരികള്‍ക്ക് യുവതികള്‍ക്കിടയില്‍ പ്രത്യേക സ്വീകാര്യതയാണുള്ളത്. പട്ടിന്റെ സ്വാഭാവിക തിളക്കവും മല്‍മല്‍ ടിഷ്യുവിന്റെ മൃദുലതയും ചേര്‍ന്ന സാരികള്‍ ആഘോഷവേളകളില്‍ പ്രൗഢിയേറ്റുന്നു. സൂക്ഷ്മമായ സില്‍വര്‍ സരി, മിനിമല്‍ ഡിസൈനുകള്‍, ഫ്‌ലോറല്‍ മോട്ടിഫുകള്‍, ജ്യാമിതീയ പാറ്റേണുകള്‍ എന്നിവയും പുതിയ ശേഖരങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.
മല്‍മല്‍ നെയ്‌ത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആധുനിക ടിഷ്യു നെയ്‌ത്തിന്റെ തിളക്കവും മൃദുലതയും സമന്വയിപ്പിച്ച മല്‍മല്‍ ടിഷ്യു സാരികളും ഇത്തവണത്തെ ഓണക്കാല ഫാഷനില്‍ ശ്രദ്ധ നേടുകയാണ്. ഭാരക്കുറവും മൃദുസ്പര്‍ശവും മനോഹാരിതയും ഒത്തിണങ്ങിയ ഇവ ദീര്‍ഘനേരം ധരിക്കാനും സൗകര്യപ്രദമാണ്. പരമ്പരാഗത മല്‍മല്‍ നെയ്‌ത്തിന് രാജ്യത്ത്ചരിത്രപരമായ പാരമ്പര്യമാണുള്ളത്. മല്‍മല്‍ ടിഷ്യു ശൈലിയിലുള്ള വസ്ത്രങ്ങള്‍ ആധുനിക ടെക്‌സ്‌റ്റൈല്‍ വിപണിയില്‍ പുതിയ രൂപത്തിലും ഡിസൈനുകളിലും വ്യാപകമാണ്.
പുരുഷന്മാര്‍ക്കായി പരമ്പരാഗത കസവ് മുണ്ടുകള്‍ക്കും ഇഉം നിറങ്ങളിലുള്ള ഷര്‍ട്ടുകള്‍ക്കുമൊപ്പം ലിനന്‍ ഷര്‍ട്ടുകള്‍, കോട്ടണ്‍ ഷര്‍ട്ടുകള്‍, കസവ് ബോര്‍ഡറുള്ള മുണ്ടുകള്‍, കുര്‍ത്ത-മുണ്ട് കോമ്പിനേഷനുകള്‍ എന്നിവയും പുതിയ കളക്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഓണാഘോഷങ്ങള്‍ക്ക് പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് മോഡേണ്‍ ലുക്ക് നല്‍കുന്ന ഫ്യൂഷന്‍ വെയറുകള്‍ക്കും ആവശ്യക്കാരേറെയാണ്. യുവാക്കള്‍ക്കായി പാസ്റ്റല്‍ ഷേഡുകളിലും എര്‍ത്ത് ടോണുകളിലുമുള്ള ഷര്‍ട്ടുകളും കുര്‍ത്തകളും ട്രെന്‍ഡായി മാറുകയാണ്.
കുട്ടികള്‍ക്കായും ഒട്ടേറെ പുതുമകളാണ് വസ്ത്രശാലകളില്‍ ഒരുങ്ങുന്നത്. പെണ്‍കുട്ടികള്‍ക്കായി കസവ് പാട്ടുപാവാട, ലഹങ്ക, ഫ്രോക്ക്, ഫ്യൂഷന്‍ വെയര്‍ എന്നിവയിലും ആണ്‍കുട്ടികള്‍ക്കായി കസവ് മുണ്ട്-ഷര്‍ട്ട് കോമ്പിനേഷന്‍, കുര്‍ത്ത-പൈജാമ, ഡിസൈനര്‍ കുര്‍ത്തകള്‍ എന്നിവയിലും വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ പരമ്പരാഗത കസവ് ശൈലിക്കൊപ്പം കാര്‍ട്ടൂണ്‍ മോട്ടിഫുകളും പാസ്റ്റല്‍ നിറങ്ങളും ഉള്‍പ്പെടുത്തിയ പുതിയ ഡിസൈനുകളും ശ്രദ്ധ നേടുന്നു.
സാരികള്‍, സെറ്റ് സാരി, സെറ്റ് മുണ്ട്, പട്ടുപാവാട, ചുരിദാര്‍, ഫ്യൂഷന്‍ വെയര്‍ തുടങ്ങി കുടുംബത്തിലെ ഓരോരുത്തര്‍ക്കും അനുയോജ്യമായ ഓണക്കോടികളാണ് ഇത്തവണ വസ്ത്രശാലകളില്‍ ഒരുങ്ങുന്നത്. ഓണം അടുക്കുംതോറും വസ്ത്രശാലകളിലെ തിരക്ക് വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
















