Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ട്രാക്കില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ 47 ഇനത്തില്‍ 10.71 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റിക്കാര്‍ഡോടെ ഭാരതത്തിനായി സ്വര്‍ണ്ണം നേടിയത് ദിലീപ് മഹാദു ഗവിത് എന്ന പാരാ അത്‌ലറ്റാണ്. എന്നാല്‍ ആ സ്വര്‍ണ്ണമെഡലിന് പിന്നില്‍ വിധി കളിച്ച ക്രൂരതകളെയും വറുതിയെയും പോരാട്ടവീര്യം കൊണ്ട് ജയിച്ചടക്കിയ ഒരു മനുഷ്യന്റെ കണ്ണീരും, ഒരു പരിശീലകന്റെ അറ്റമില്ലാത്ത വാത്സല്യവുമുണ്ട്.

മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലുള്ള ‘തോരന്‍ ദോംഗരി’ എന്ന ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രാമത്തിലാണ് ദിലീപിന്റെ ജനനം. അഞ്ചാം വയസ്സില്‍ മരത്തില്‍ നിന്ന് വീണ് വലതുകൈക്ക് പരിക്കേറ്റ ദിലീപിന്, ഗ്രാമത്തില്‍ വേണ്ടത്ര വൈദ്യസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ‘ഗാംഗ്രീന്‍’ ബാധിച്ചു. അങ്ങനെ മുഴങ്കൈക്ക് താഴെ വെച്ച് മുറിച്ചു മാറ്റേണ്ടിവന്നു. കൃഷിയും കൂലിവേലയും ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് തനിക്കൊരു ഭാരമാണോ എന്ന് ആ കുഞ്ഞ് ഭയന്നു. ‘മഴയില്ലാത്തപ്പോള്‍ എന്റെ കുടുംബം കൂലിവേലയ്‌ക്ക് പോകുമായിരുന്നു. എന്നാല്‍ ഒരു കൈയില്ലാത്ത എനിക്ക് അതുപോലും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആരും ഒന്നിനും കൊള്ളാത്തവനായിട്ടാണ് എന്നെ കണ്ടത്,’ ദിലീപ് ഓര്‍ത്തെടുക്കുന്നു.

തീവ്രമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും അവന്‍ ആശ്വാസം കണ്ടെത്തിയത് ഓട്ടത്തിലായിരുന്നു. ഗ്രാമത്തിലെ മണ്‍പാതകളില്‍ അതിവേഗം ഓടുന്ന ഈ പയ്യന്റെ പ്രകൃതിദത്തമായ വേഗതയും കഴിവും തിരിച്ചറിഞ്ഞത് പ്രാദേശിക കോച്ചായ വൈജ്‌നാഥ് കാളെ ആയിരുന്നു.

ദിലീപിന്റെ വീട്ടുകാരോട് സംസാരിച്ച് അവനെ നാസിക്കിലേക്ക് പരിശീലനത്തിനായി കൊണ്ടുപോകാന്‍ വൈജ്‌നാഥ് അനുവാദം വാങ്ങി. എന്നാല്‍ പരിശീലനം മാത്രമല്ല, ആ കുഞ്ഞിന്റെ ജീവിതം മുഴുവന്‍ വൈജ്‌നാഥ് ഏറ്റെടുക്കുകയായിരുന്നു.’അദ്ദേഹം എന്റെ ഗുരു മാത്രമല്ല, എന്റെ അച്ഛനാണ്’

വിജയത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് ദിലീപ് പറഞ്ഞ വാക്കുകള്‍ കേള്‍ക്കുന്ന ഏതൊരുൊരാളുടെയും കണ്ണുനിറയ്‌ക്കുന്നതായിരുന്നു.

‘അദ്ദേഹം എനിക്ക് ഒരു ഗുരു മാത്രമല്ല. ഞാന്‍ താമസിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണ്. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്നാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി. എനിക്ക് ഭക്ഷണവും പരിശീലനവും വിദ്യാഭ്യാസവും തന്നു. അദ്ദേഹം എനിക്ക് അച്ഛനാണ്. ഇന്ന് എനിക്കുള്ളതെല്ലാം ഞാന്‍ അദ്ദേഹത്തിന് മാത്രം കടപ്പെട്ടിരിക്കുന്നു,’ ദിലീപ് വികാരഭരിതനായി.
തന്റെ പ്രധാന ഇനമായ 400 മീറ്റര്‍ ഇത്തവണത്തെ ഗെയിംസില്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, പരിശീലകന്റെ നിര്‍ദ്ദേശപ്രകാരമാണ് ദിലീപ് 100 മീറ്ററിലേക്ക് മാറിയത്. ആ മാറ്റം ചരിത്രപരമായ റെക്കോര്‍ഡ് സ്വര്‍ണ്ണത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍, അത് തന്റെ ഗുരുവിനുള്ള ഏറ്റവും വലിയ സമ്മാനമാണെന്ന് ദിലീപ് പറയുന്നു. പരാധീനതകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ക്കും മുന്നില്‍ തളരാതെ പോരാടുന്ന ഏതൊരാള്‍ക്കും, ഒപ്പം കഴിവിനെ തൊട്ടറിഞ്ഞ് ഒപ്പം നില്‍ക്കുന്ന വൈജ്‌നാഥ് കാളെയെപ്പോലുള്ള ഗുരുക്കന്മാര്‍ക്കും ഒരു വലിയ പ്രചോദനമാണ് ദിലീപിന്റെ ഈ സ്വര്‍ണ്ണ നേട്ടം.