ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്കില്‍ ഭാരതത്തിന്റെ കായിക ചരിത്രം തിരുത്തിക്കുറിച്ച നിമിഷം. പുരുഷന്മാരുടെ 10,000 മീറ്റര്‍ പോരാട്ടത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരം ഗുല്‍വീര്‍ സിംഗ് അവിശ്വസനീയ നേട്ടം സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഭാരതതാരം പുരുഷന്മാരുടെ 10,000 മീറ്ററില്‍ മെഡല്‍ നേടുന്നത്.
ഗ്ലാസ്‌ഗോയിലെ സ്‌കോട്സ്റ്റൗണ്‍ സ്റ്റേഡിയത്തില്‍ കനത്ത മഴ പെയ്യുന്ന വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു മത്സരം. 25 ലാപ്പുകള്‍ നീണ്ട ദീര്‍ഘദൂര ഓട്ടത്തില്‍ തുടക്കം മുതല്‍ തന്ത്രപരമായ നീക്കങ്ങളാണ് ഗുല്‍വീര്‍ പുറത്തെടുത്തത്.
റേസിന്റെ ഭൂരിഭാഗവും മുന്നിലുള്ള നിരയ്‌ക്കൊപ്പം കൃത്യമായ വേഗത നിലനിര്‍ത്തി ഓടിയ ഗുല്‍വീര്‍, അവസാന ലാപ്പ് ആകുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന മീറ്ററുകളില്‍ കാണികളെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് അവിശ്വസനീയമായ വേഗതയോടെ മുന്നിലെതിരാളിയെ മറികടന്ന് ഗുല്‍വീര്‍ വെള്ളി മെഡല്‍ ഉറപ്പിച്ചു.
27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ആണ് ഗുല്‍വീര്‍ ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണവും (27:48.93) അയല്‍ ഓഫ് മാന്റെ ഡേവിഡ് മല്ലാര്‍ക്കി വെങ്കലവും നേടി.
ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തുന്ന കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഗുല്‍വീര്‍ മെഡല്‍ കൊയ്തത്. ഉത്തര്‍പ്രദേശിലെ അലീഗഢിലുള്ള ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനനം.
ചെറുപ്പത്തില്‍ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചോ കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചോ വലിയ അറിവൊന്നുമില്ലായിരുന്നു.
2018ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ (ഗ്രനേഡിയേഴ്‌സ് റെജിമെന്റ്) ചേര്‍ന്നതോടെയാണ് പ്രൊഫഷണല്‍ അത്‌ലറ്റിക്‌സിന്റെ ലോകത്തേക്ക് വരുന്നത്. 3000 മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍ മത്സരങ്ങളില്‍ നിലവിലെ ദേശീയ റിക്കാര്‍ഡ് ഗുല്‍വീറിന്റെ പേരിലാണ്.
















