ന്യൂദൽഹി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജിയിലാണ് തടസ ഹർജി.
വഖഫ് ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് സംസ്ഥാന വഖഫ് ബോർഡും, വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും നൽകിയ ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമപ്രകാരം നോൺ-മുസ്ലിം, ഷിയാ പ്രതിനിധികളെ ഉൾപ്പെടുത്താതെ നിയമവിരുദ്ധമായാണ് നിലവിലെ വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
















