തിരുവനന്തപുരം: ഇന്ത്യയിലെ ട്രെയിനുകളില്‍ പഴയ കക്കൂസുകള്‍ക്ക് പകരം ബയോ ടോയ് ലറ്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചത് അമിത് ഷായാണെന്ന് തുറന്ന് പറഞ്ഞ് അതിന്റെ ശില്‍പിയായ. ഡോ. ജോർജ്ജ് ജോസഫ് തീമ്പലങ്ങാട്. റെയില്‍വേ ട്രാക്കില്‍ മലം വീണിരുന്ന പഴയ ടോയ്ലറ്റുകള്‍ക്ക് പകരം പുതിയ തരം ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് ആ പദ്ധതി ഇന്ത്യന്‍ റെയില്‍വേയിലുടനീളം നടപ്പാക്കാന്‍ സഹായിച്ചത് അമിത് ഷാ ആയിരുന്നു. രാജ്യത്തിന് ഗുണം ചെയ്യുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അമിത് ഷായെപ്പോലുള്ളവരുടെ ആവേശം അത്ഭുതപ്പെടുത്തുന്നുവെന്നും ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് പറയുന്നു.
ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്‍റായിരുന്നു. തന്റെ പദ്ധതിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുമായി അദ്ദേഹം അമിത് ഷായെ കണ്ടു. ഈ പദ്ധതി ഉടനെ നടപ്പാക്കാന്‍ വേണ്ടത് ചെയ്യാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. വൈകാതെ ആ പദ്ധതി ഇന്ത്യയിലെമ്പാടും നടപ്പാക്കാന്‍ അമിത് ഷാ മുന്‍കയ്യെടുത്തുവെന്ന് ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാട് പറയുന്നത്.
നേരത്തെ യാത്രക്കാരുടെ മലം നേരിട്ട് റെയില്‍പാളങ്ങളില്‍ വീഴുന്ന തരം കക്കൂസുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ഒരു മാറ്റം വരണമെന്നും തന്റെ ജീവിതം ഈ മാറ്റത്തിന് വേണ്ടി ഉഴിഞ്ഞുവെയ്‌ക്കുമെന്നും തീരുമാനമെടുത്ത ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് അമേരിക്കയില്‍ ചെലവഴിച്ച കാലത്താണ് ഇതിന് ബദലായ ഒരു സാങ്കേതിക വിദ്യ കണ്ടെത്താനായത്. പിന്നീട് ചൈനയില്‍ നിന്നും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ ലഭിച്ചു. ഈ പദ്ധതി നടപ്പാക്കേണ്ടതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ അദ്ദേഹം ജസ്റ്റിസ് കെ.ടി. തോമസിന്റെ നിര്‍ദേശപ്രകാരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അവിടെ അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. റെയില്‍വേയില്‍ ബയോ ടോയ് ലറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ കാര്യത്തില്‍ 30 ദിവസത്തിനകം ഒരു തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീട് ഈ കോടതി ഉത്തരവും കൊണ്ടാണ് തിരുവനന്തപുരത്ത് വെച്ച് അമിത് ഷായെ കണ്ടത്. അമിത് ഷാ ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി.പദ്ധതി നടപ്പാക്കപ്പെട്ടതിന് ശേഷം ഡോ. ജോര്‍ജ്ജ് ജോസഫ് തീമ്പലങ്ങാടിന് ഒരു ഓമനപ്പേരും ലഭിച്ചു- റെയില്‍വേയെ ഡയപ്പര്‍ ഇടീച്ച ഡോക്ടര്‍ എന്നതായിരുന്നു ഈ വിശേഷണം. ഈ പദ്ധതി നടപ്പാക്കുന്നതിന് റെയില്‍വേയെ പ്രേരിപ്പിച്ചതിന് അന്ന് ബിജെപി രാഷ്‌ട്രപതിയാക്കിയ ഡോ. എപിജെ അബ്ദുള്‍ കലാമിനും ഒരു പങ്കുണ്ട്. മാത്രമല്ല, ഈ പദ്ധതി പൈലറ്റ് പദ്ധതി എന്ന നിലയില്‍ ആദ്യം നടപ്പാക്കിയത് രാമേശ്വരം മേഖലയിലെ ട്രെയിനില്‍ ആണ്. കലാമിന്റെ ജന്മനാട് കൂടിയാണ് രാമേശ്വരം.
മറ്റൊരു ആശയം കൂടി അദ്ദേഹത്തിനുണ്ട്. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള പദ്ധതി. ഇക്കാര്യം അന്ന് രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമുമായി ചര്‍ച്ച ചെയ്തിരുന്നു. മലത്തെ ഗ്യാസാക്കി മാറ്റി അതില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇത് ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. മലത്തെ ഉയര്‍ന്ന ഊഷ്മാവും മര്‍ദ്ദവും ഉപയോഗിച്ച് ഗ്യാസാക്കി മാറ്റുന്നതാണ് പദ്ധതി.ഇത് നടപ്പാക്കിയാല്‍ 150 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വലിയൊരു തലവേദനയ്‌ക്ക് പരിഹാരമാകും.
















