തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര തുടങ്ങി ഇന്നലെ ഒരു മാസം പിന്നിട്ടപ്പോള്‍ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും, ഡ്യൂട്ടി സറണ്ടറും നല്‍കാതായി. ഡ്യൂട്ടി കഴിഞ്ഞാല്‍ ഉടന്‍ നല്‍കിയിരുന്നതാണ് പണം ഇല്ലാത്തതിനാല്‍ മുടങ്ങിയത്. ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കാന്‍ 25 ലക്ഷത്തോളം രൂപ കെഎസ്ആര്‍ടിസിക്ക് വേണ്ടിവരും. സ്ത്രീകളുടെ സൗജന്യയാത്ര നടപ്പിലാക്കിയതോടെ വരവില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുണ്ട്. ദിവസ വേതനക്കാരുടെ ശമ്പളവും മുടങ്ങി. ദിനംപ്രതി ശരാശരി 7.5 കോടി രൂപ വരുമാനം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 3.5 കോടിയാണ് വരവ്. ഇതോടെ ഇന്ധനം വാങ്ങിക്കുന്നതിനു പോലും പണം ഇല്ലാതായി. സൗജന്യ യാത്ര നടപ്പിലാക്കിയതോടെ ദിനംപ്രതി 35 ലക്ഷം പേര്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നുണ്ട്. മുമ്പിത് 22 ലക്ഷം യാത്രക്കാരായിരുന്നു.
സൗജന്യ യാത്ര നടത്തിയവരുടെ തുക കെഎസ്ആര്‍ടിസി ഇന്ന് ധനവകുപ്പിന് നല്‍കും. കണക്കുകള്‍ പുറത്തുവിടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗജന്യമായി നല്‍കിയ ടിക്കറ്റ് നിരക്കിന്റെ തുക കണ്‍സോര്‍ഷ്യം മുഖേന നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ബാങ്ക് നല്‍കുന്ന പണത്തിന് പലിശ നല്‍കേണ്ടി വരുന്നത് കെഎസ്ആര്‍ടിസി ആയതിനാല്‍ ഭാവിയില്‍ കനത്ത സാമ്പത്തിക ബാധ്യതക്ക് ഇതിടയാക്കും.
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗതാഗതമന്ത്രി സി.പി. ജോണ്‍ പറയുന്നത്. എന്നാല്‍ പരസ്യ കമ്പനികള്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. പരസ്യം പതിച്ചാല്‍ ഒന്നോ രണ്ടോ ദിവസം മാത്രമെ അത് ഉണ്ടാവുകയുള്ളൂ. പലപ്പോഴും പരസ്യങ്ങള്‍ നശിപ്പിച്ച നിലയിലായിരിക്കും. അതിനാല്‍ മന്ത്രിയുടെ പരസ്യം പതിക്കല്‍ പദ്ധതി പരാജയപ്പെടാനാണ് സാധ്യത.















