കശ്മീരി പഷ്മിനയുടെ ഊഷ്മളതയും അസമിലെ മുഗാ പട്ടിന്റെ തിളക്കവും മുതല്‍ രാജസ്ഥാനി ബാന്ധനിയുടെ ജ്യാമിതീയ പാറ്റേണുകളും കാഞ്ചീവരം പട്ടിന്റെ ഗാംഭീര്യവും വരെ നീളുന്ന ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യം ഇഴകളാല്‍ നെയ്ത ഒരു ജീവസ്സുറ്റ ഭൂപടമാണ്. ഈ നാഗരിക ക്യാന്‍വാസ് ഒരൊറ്റ മേല്‍ക്കൂരയ്‌ക്ക് കീഴില്‍ അണിനിരക്കുകയാണ്. ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ ജൂലൈ 14 മുതല്‍ 17 വരെ നടക്കുന്ന ഭാരത് ടെക്സ് 2026-ലൂടെ രാജ്യത്തിന്റെ ഈ വൈവിധ്യം ഒരിടത്ത് സമ്മേളിക്കുന്നു.
വസ്ത്രമേഖല പൈതൃകത്തിന്റെ പ്രതിഫലനം മാത്രമല്ല, ഭാരതത്തിന്റെ സ്ഥൂല സാമ്പത്തിക ഘടനയുടെ യഥാര്‍ത്ഥ അടിത്തറ കൂടിയാണ്. ജിഡിപിയിലേക്ക് 2.3 ശതമാനവും വ്യവസായ ഉല്‍പ്പാദനത്തിലേക്ക് 13 ശതമാനവും കയറ്റുമതിയിലേക്ക് 8.6 ശതമാനവും സംഭാവന ചെയ്യുന്ന ഈ രംഗം വളര്‍ച്ചയുടെ വലിയൊരു ചാലകശക്തിയാണ്. കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖല, 10 കോടിയിലധികം ജനങ്ങള്‍ക്ക് ജീവനോപാധിയും ഗ്രാമീണ സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും സാമ്പത്തിക സ്വയംഭരണാധികാരവും ഉറപ്പാക്കുന്നു.
ഭാരതത്തിന്റെ മികച്ച ഉല്‍പ്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവ്യാപാര മേളയാണ് ഭാരത് ടെക്സ്. ആഭ്യന്തര ഉല്‍പ്പാദകര്‍, വിവിധ സംസ്ഥാന പവലിയനുകള്‍, അന്താരാഷ്‌ട്ര പ്രദര്‍ശകര്‍, ആഗോള കച്ചവടക്കാര്‍ എന്നിവരെ ഒന്നിപ്പിക്കുന്ന സമഗ്രമായ ഒരു വിപണിയാണിത്. ഇത് വന്‍തോതിലുള്ള വ്യാപാര പങ്കാളിത്തങ്ങള്‍ക്കും ബ്രാന്‍ഡ് വിപുലീകരണത്തിനും വഴിയൊരുക്കുന്നു.
കഴിഞ്ഞ പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചതുപോലെ, നമ്മള്‍ നട്ട വിത്ത് ഇപ്പോള്‍ അതിവേഗം ഒരു ആല്‍മരമായി പന്തലിച്ചിരിക്കുന്നു. സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുന്നതോടൊപ്പം വികസിത ഭാരതത്തിന്റെ സാധ്യതകളെയും ഈ മേള എടുത്തുകാണിക്കുന്നു. അന്താരാഷ്‌ട്ര കച്ചവടക്കാരെ ആകര്‍ഷിച്ച ആദ്യ രണ്ട് പതിപ്പുകളുടെ വന്‍ വിജയം ഇതിന് ശക്തമായ അടിത്തറ പാകി. സര്‍ക്കാരുകളും ബിസിനസുകളും തമ്മിലുള്ള ചര്‍ച്ചകള്‍ വ്യക്തമായ ഫലങ്ങളിലേക്ക് വഴിമാറിയ ഭാരത് ടെക്സ് 2025, ഭാരതത്തിന്റെ പ്രവര്‍ത്തനക്ഷമതയിലുള്ള ആഗോള വിശ്വാസം വര്‍ദ്ധിപ്പിച്ചു. മൂന്നാം പതിപ്പിലൂടെ ഈ പ്രാരംഭ സാധ്യതകള്‍ സമ്പൂര്‍ണ്ണ വ്യവസായ മേധാവിത്വമായി മാറുകയാണ്.
കൃത്യമായി ആസൂത്രണം ചെയ്ത വ്യവസായ തന്ത്രമാണ് ഈ വര്‍ഷത്തെ മേളയുടെ വ്യാപ്തിക്ക് പിന്നില്‍. നാര്, നൂല്‍, തുണിത്തരം, ഫാഷന്‍, ഹോം ടെക്സ്റ്റൈല്‍സ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉള്‍പ്പെടെ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ മൂല്യശൃംഖലയെയാണ് 1,600-ലധികം പ്രദര്‍ശകര്‍ ഇവിടെ അവതരിപ്പിക്കുന്നത്. ഫാം ടു ഫൈബര്‍, ഫാക്ടറി, ഫാഷന്‍, ഫോറിന്‍ എന്ന പ്രധാനമന്ത്രിയുടെ ‘5എഫ് ദര്‍ശനം’ പ്രതിഫലിപ്പിക്കുന്നതാണ് ഈ മേള. മൂല്യശൃംഖലയെ ഒരൊറ്റ ശൃംഖലയായി സമന്വയിപ്പിക്കുന്നതിലൂടെ, ഉല്‍പ്പാദനത്തിന്റെ ഓരോ ഘട്ടവും തദ്ദേശീയമായി കൈകാര്യം ചെയ്യാനുള്ള ഭാരതത്തിന്റെ സ്വയംപര്യാപ്തത വ്യക്തമാകുന്നു.
മേളയോടുള്ള ആഗോള പ്രതികരണവും ശ്രദ്ധേയമാണ്. അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരും ഐക്യരാഷ്‌ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇതില്‍ പങ്കാളികളാകുന്നു. 110-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 7,000-ത്തിലധികം കച്ചവടക്കാരും 1.3 ലക്ഷം സന്ദര്‍ശകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000-ത്തിലധികം വസ്ത്ര ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍, 3,500-ലധികം ബിസിനസ്സ് കൂടിക്കാഴ്ചകളും സംസ്ഥാനങ്ങളുടെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന ‘സ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ കണക്ട് സെഷനുകളും’ ഉണ്ടായിരിക്കും.
നൂറിലധികം സെഷനുകള്‍ ഉള്‍ക്കൊള്ളുന്ന ‘ഗ്ലോബല്‍ ടെക്സ്റ്റൈല്‍ ഡയലോഗി’ലൂടെ ഭാരത് ടെക്സ് 2026 വിജ്ഞാന കൈമാറ്റത്തിനും മുന്‍ഗണന നല്‍കുന്നു. 370-ലധികം ആഗോള-ദേശീയ സിഎക്സ്ഒമാരും നയരൂപകര്‍ത്താക്കളും നയിക്കുന്ന ചര്‍ച്ചകള്‍ വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിരവധി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെക്കുന്നതിനും മേഖലാ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതിനും മേള സാക്ഷ്യം വഹിക്കും.
സുസ്ഥിരതയും ചാക്രികതയുമാണ് ഈ ചര്‍ച്ചകളുടെ പ്രധാന സ്തംഭങ്ങള്‍. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഫാഷന്‍ എക്കാലത്തും ഭാരതത്തിന്റെ വസ്ത്ര പൈതൃകത്തിന്റെ ഭാഗമാണ്. ആഗോള പരിസ്ഥിതി വെല്ലുവിളികളെ വലിയൊരു അവസരമാക്കി മാറ്റുന്ന ഈ മേള, വിഭവങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പാഴ് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനുമുള്ള അത്യാധുനിക നവീകരണങ്ങളെ പരിചയപ്പെടുത്തുന്നു. ടെക്സ്റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രാലയം ഈ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെത്തട്ടില്‍ വേഗം കൂട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ടായി നടപ്പിലാക്കി വരുന്ന നയപരിഷ്‌കരണങ്ങളുടെ ഫലമാണ് ഭാരത് ടെക്സിന്റെ ഈ ആത്മവിശ്വാസം. 31,687 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളെ ആകര്‍ഷിച്ച പിഎല്‍ഐ പദ്ധതി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 5എഫ് സമീപനം ഉള്‍ക്കൊള്ളുന്ന ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ വികസിപ്പിച്ചുവരുന്നു. നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ 2,000 കോടി രൂപയും കരകൗശല മേഖലയ്‌ക്കായി 1,335 കോടിയിലധികം രൂപയും ലഭ്യമാക്കി. കൂടാതെ, 1.5 ലക്ഷത്തിലധികം നെയ്‌ത്തുകാരെ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍ ഉള്‍പ്പെടുത്തുകയും മുദ്ര പദ്ധതിയിലൂടെ ഈടുരഹിത വായ്‌പകള്‍ നല്‍കുകയും ചെയ്തു. ഈ പരിഷ്‌കാരങ്ങള്‍ നമ്മുടെ കരകൗശല വിദഗ്ധരെയും ഉല്‍പ്പാദകരെയും ആഗോള വിപണിയുമായി നേരിട്ട് ബന്ധിപ്പിച്ചു.
ഭാരതത്തിന്റെ വസ്ത്രവ്യാപാര വ്യവസായത്തെ 350 ബില്യണ്‍ ഡോളറിന്റെ ആഗോള ശക്തിയായി മാറ്റാനുള്ള ‘വിഷന്‍ 2030’ മാര്‍ഗ്ഗരേഖയിലെ സുപ്രധാന നാഴികക്കല്ലായാണ് ഭാരത് ടെക്സ് 2026 പ്രവര്‍ത്തിക്കുന്നത്. ഇത് ‘വികസിത ഭാരതം @2047’ എന്ന ദേശീയ ലക്ഷ്യവുമായി തികച്ചും പൊരുത്തപ്പെടുന്നു. ഭാരതത്തില്‍ രൂപകല്പന ചെയ്ത് സുസ്ഥിരമായി നിര്‍മ്മിച്ച ആഗോള ടെക്സ്റ്റൈല്‍സിന്റെ ഭാവിയിലേക്ക് സാക്ഷ്യം വഹിക്കാന്‍ ഭാരത് ടെക്സ് 2026-ലേക്ക് ഏവരെയും ക്ഷണിക്കുന്നു.













