ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. പരുക്കേറ്റ അറുപതിലേറെ പേരിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി ബാങ്കോക്കിലെ ചതുചക് ജില്ലയിലുള്ള റോങ് ബിയർ നാ ലാറ്റ് പ്രാവോ പബ്ബിലാണ് ദുരന്തമുണ്ടായത്. തായ്‌ലൻഡിലെ ടൂറിസം മേഖലയെ നടുക്കിയ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്. പബ്ബിന്റെ മുൻഭാഗത്ത് തീ പടർന്നതോടെ രക്ഷപ്പെടാനായി പലരും ശുചിമുറിയുടെ ഭാഗത്തേക്ക് ഓടിയെങ്കിലും അവിടെ എമർജൻസി വാതിലുകൾ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തത് ശുചിമുറികൾക്ക് സമീപത്ത് നിന്നാണ്. പബ്ബിന്റെ മുൻവാതിലിലൂടെ രക്ഷപ്പെട്ട ഏതാനും പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
സംഭവസ്ഥലം തായ്‌ലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചു. 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും തായ്‌ലൻഡ് പ്രധാനമന്ത്രി പറഞ്ഞു.
SUMMARY: Fire breaks out at Bangkok bar; 27 injured, 22 in critical condition











