ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ചടങ്ങുകളിൽ ദേശീയഗാനവും സംസ്ഥാന ഗീതങ്ങളും ആലപിക്കുന്നതിനുള്ള കൃത്യമായ ക്രമം നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ഗീതമുള്ള ഇടങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ അത് ആദ്യം പാടണമെന്നും, അതിന് ശേഷം മാത്രമേ ദേശീയ ഗീതമായ ‘വന്ദേമാതര’വും ദേശീയഗാനമായ ‘ജനഗണമന’യും ആലപിക്കാൻ പാടുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.
]എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ചില സംസ്ഥാനങ്ങളിൽ ദേശീയഗാനത്തോടൊപ്പം സംസ്ഥാന ഗീതങ്ങളും ആലപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വ്യക്തത വരുത്തൽ. പുതിയ പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗീതം ആലപിക്കണം. തുടർന്ന് ദേശീയ ഗീതവും ദേശീയഗാനവും ഒരുമിച്ച് വരണം.
ഇതിൽ വന്ദേമാതരം ആദ്യം ആലപിച്ചതിന് ശേഷം മാത്രമേ ജനഗണമന ആലപിക്കാവൂ എന്ന് കേന്ദ്രം ഉത്തരവിൽ വിശദീകരിക്കുന്നു.ദേശീയ ഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ അവയുടെ കൃത്യമായ വരികളും ഉച്ചാരണശുദ്ധിയും പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ദേശീയഗാനത്തിന്റെയും ദേശീയ ഗീതത്തിന്റെയും ഔദ്യോഗികമായ വരികളും ശരിയായ ഉച്ചാരണ രീതിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ദേശീയഗാനവും ദേശീയ ഗീതവും നിർബന്ധമായും ആലപിക്കേണ്ട ചടങ്ങുകളുടെയും ആലപിക്കാവുന്ന മറ്റ് അവസരങ്ങളുടെയും സമഗ്രമായ പട്ടികയും ഉത്തരവിനൊപ്പം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ അതത് പരിധിക്കുള്ളിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
















