കല്‍പ്പറ്റ: മേപ്പാടി കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട അഞ്ചു പേര്‍ ഇപ്പോഴും കാണാമറയത്ത്. ഹിമാചല്‍പ്രദേശ് സ്വദേശികളായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, എഞ്ചിനീയര്‍ രാഹുല്‍, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ബീഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍, സര്‍വേയര്‍മാരായ പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത്, ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി എന്നിവരെയാണ് ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അപകടസ്ഥലം നാല് സോണുകളാക്കി തിരിച്ച് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, സിവില്‍ ഡിഫന്‍സ് സേനകളുടെ നേതൃത്വത്തില്‍ ശാസ്ത്രീയ തെരച്ചില്‍ ഇന്നലെയും ഊര്‍ജ്ജിതമായിരുന്നു. മേഖലയില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം ശക്തമായ മഴയും മൂടല്‍മഞ്ഞും തെരച്ചിലിന് പ്രതികൂലമാവുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് തവണ തെരച്ചില്‍ നിര്‍ത്തിവെച്ചു. പലയിടങ്ങളിലും മണ്ണ് ഇപ്പോഴും കിനിയുന്നതും വെള്ളക്കെട്ട് രൂപപ്പെട്ടതും ആശങ്ക പരത്തുന്നുണ്ട്. തുരങ്കപാതാ നിര്‍മ്മണ സ്ഥലത്തു നിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് മുതല്‍ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും 33 കുടും ബങ്ങളിലെ 93 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏറാട്ടുകുണ്ട്, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്, താഴെ അരണമല, അയ്യപ്പന്‍ ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
















