മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മാൻഖുർദ് മേഖലയിൽ ബഹുനില ചാവൽ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ജനതാ നഗറിലെ അഞ്ച് നമ്പർ ചാവലിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഞായറാഴ്ച ഉച്ചയോടെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ പലരും തിരികെ എത്തിയപ്പോഴാണ് കെട്ടിടം തകർന്നു വീണത്. മരിച്ചവരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടുന്നു. സമീപത്തെ വീട്ടിലെ കുട്ടി കളിക്കാനായി ഇവിടെയെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ദുരന്തം നടന്ന സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. അനധികൃത നിർമ്മാണങ്ങളിൽ താമസിക്കുന്നവർ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് മുംബൈ മേയർ റിതു തവാഡെ പ്രതികരിച്ചു.
ഞായറാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയിൽ നഗരജീവിതം താറുമാറായി. വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. നാല് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുർളയിൽ മരം വീണ് 63 വയസ്സുകാരൻ മരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 മുതൽ 300 മില്ലീമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
















