ന്യൂദൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിനായി 52,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രി സംഭരണത്തിനുള്ള നിർദ്ദേശങ്ങൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ന്യൂദൽഹിയിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആന്റി-അൺ മാൻഡ് ഏരിയൽ വെഹിക്കിൾസ് (യുഎവി) ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ‘ആകാഷ് തരംഗ്’, മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ (എംപിഎടിജിഎം) സിസ്റ്റങ്ങൾ, മീഡിയം റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ (എംആർഎസ്എഎം) വെപ്പൺ സിസ്റ്റം, വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (വി-ഷോറാഡ്‌സ്), ടാങ്കുകൾക്കുള്ള ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈന്യത്തിനായി ജെറ്റ് അധിഷ്ഠിത കാമികാസെ ഡ്രോൺ സിസ്റ്റം എന്നിവ വാങ്ങുന്നതിന് ഡിഎസി അംഗീകാരം നൽകി.
‘ആകാശ് തരംഗ്’ സൈന്യത്തിന്റെ യൂണിറ്റിന് ഫലപ്രദമായ ആന്റി യുഎവി സംരക്ഷണം നൽകുമെന്നും, എംപി-എടിജിഎം ശത്രുവിന്റെ യന്ത്രവൽകൃത ഭീഷണികളെ നേരിടാൻ കാലാൾപ്പടയുടെ ശേഷി വർദ്ധിപ്പിക്കുമെന്നും വൃത്തങ്ങൾ പറയുന്നു. എംആർഎസ്എഎം സംവിധാനം ‘വിവിധതരം സ്റ്റാൻഡ്-ഓഫ് വ്യോമ ഭീഷണികൾ’ക്കെതിരെ ഇടത്തരം വ്യോമ പ്രതിരോധം നൽകുന്നതാണ്.
വി-ഷൊറാഡ്‌സ്് സൈന്യത്തിന്റെ പ്രതിരോധശേഷിയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുമെന്ന് സൈന്യം പറയുന്നു. അതേസമയം, ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം ടാങ്കുകളുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയും അവയുടെ അതിജീവനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
മറുവശത്ത്, ജെറ്റ് അധിഷ്ഠിത കാമികാസെ ഡ്രോണുകൾ ‘കൂടുതൽ മാരകമാണ്. അവയ്‌ക്ക് അതിജീവനക്ഷമതയും ഉണ്ട്. ചെലവ് കുറഞ്ഞതും’ മികച്ച ഇലക്ട്രോണിക് യുദ്ധ ശേഷി നൽകുന്നവയുമാണ് എന്നാണ് വിശദീകരണം.















