മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണം കാണാതായി. വിവിധയിടങ്ങളിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാണ് കാണാതായത്. കഴിഞ്ഞ വർഷമാണ് സ്വർണം കാണാതായതെന്നാണ് റിപ്പോർട്ട്. ഈ സമയത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെതിരെ സംശയം ഉയരുന്നുണ്ട്.
സംഭവത്തിൽ കൊണ്ടോട്ടി എഎസ്‌പി മലപ്പുറം എസ്‌പിക്ക് റിപ്പോർട്ട് കൈമാറി. പൊതുസ്ഥലങ്ങളിൽ നിന്നും വിമാനത്താവളത്തിൽ നിന്നും കളഞ്ഞുകിട്ടി പൊതുജനങ്ങൾ പോലീസിനെ ഏൽപ്പിച്ച സ്വർണമാണ് കാണാതായത്. 2025 കാലഘട്ടത്തിൽ തന്നെയാണ് സ്വർണം നഷ്‌ടപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷമേ ഇതിൽ വ്യക്തത വരുകയുള്ളു.
2018ന് മുമ്പ് നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണമാല, ബ്രേസ്‌ലറ്റ് എന്നിവയും 2024 ഒക്‌ടോബറിൽ ലഭിച്ച രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയുമാണ് കാണാതായത്. ഇതിൽ ചിലത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർക്ക് കളഞ്ഞ് കിട്ടിയതാണ്. മുമ്പും കരിപ്പൂർ സ്റ്റേഷനെതിരെ ഗുരുതര ആരോപണങ്ങൾ വന്നിട്ടുണ്ട്. ലഹരി മാഫിയയുമായി ബന്ധമുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഒന്നിച്ച് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ഇപ്പോൾ സ്വർണം കാണാതായതിന് പിന്നിലും ലഹരി മാഫിയയ്‌ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
















