തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം പുതിയ വിഭാഗമായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അന്നത്തെ എക്‌സൈസ് മന്ത്രിക്ക് അയച്ച കത്ത് പുറത്ത്.മുന്‍ എക്സൈസ് വകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് അയച്ച കത്താണ് പുറത്ത് വന്നത്. വിനോദ സഞ്ചാരം ഉള്‍പ്പെടെ മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കിയാല്‍ സര്‍ക്കാരിന് വരുമാനം കൂടുമെന്നും ബക്കാര്‍ഡിയുടെ കേരളത്തിലെ സീനിയര്‍ മാനേജര്‍ ജോജി ജെ കക്കാട്ടിലിന്റെ കത്തില്‍ പറയുന്നുണ്ട്.ബിയറിന്റെയും വൈനിന്റെയും നികുതി പോലെ ബക്കാര്‍ഡി പ്ലസ്,ബ്രീസര്‍ എന്നിവയുടെ നികുതി കുറയ്‌ക്കണമെന്നാണ് കത്തില്‍ പറയുന്നത്. കേരളത്തില്‍ ഇത് കിട്ടാത്തത് കൊണ്ട് സ്ത്രീകള്‍ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നുവെന്ന വാദവും കത്തിലുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ വന്നിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞിരുന്നു. അതേസമയം നികുതി ഇളവ് നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ മുന്നണിക്ക് അകത്തുനിന്നും പുറത്തുനിന്നും രൂക്ഷ വിമര്‍ശനം ഉണ്ട്.
















