മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ പത്തുവര്‍ഷം നീണ്ട പിണറായി ഭരണത്തിന്റെ തുടര്‍ച്ചയാണെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയം വേണ്ട. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പിന്തുടരാനുള്ള തീരുമാനം ഇതിന് തെളിവാണ്. ആല്‍ക്കഹോളിന്റെ അളവ് പ്രകാരം നികുതി നിശ്ചയിച്ച് വീര്യം കുറഞ്ഞ മദ്യം വില്‍പ്പന നടത്താനുള്ള ബജറ്റിലെ ശുപാര്‍ശ സംസ്ഥാനത്ത് യഥേഷ്ടം മദ്യമൊഴുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. വിദേശ മദ്യച്ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി സതീശന്‍ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നല്‍കിയ ഇളവിന്റെ മറവില്‍ മദ്യക്കമ്പനികളെ സഹായിക്കുന്നതിനുവേണ്ടിയാണിത്.
പിണറായി സര്‍ക്കാരിന്റെ 2022- 23 ലെ അബ്കാരി നയത്തിന്റെ ഭാഗമാണ് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിച്ച് നികുതി നിശ്ചയിച്ച് വില്‍ക്കാനുള്ള തീരുമാനം. ധാന്യേതര ഉല്‍പ്പന്നങ്ങളായ ചക്ക, മാങ്ങ, കശുമാങ്ങ, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്പാദിപ്പിക്കുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ നയം. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. തെങ്ങിന്‍ കള്ളിലും ബിയറിലും ഉള്ളതിനേക്കാള്‍ ആല്‍ക്കഹോള്‍ കൂടുതലുള്ള മദ്യമാണ് വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ നി
ര്‍മിക്കുക. പിണറായി സര്‍ക്കാര്‍ മൂന്നുവര്‍ഷത്തേക്ക് 50000 രൂപയുടെ ലൈസന്‍സ് ഫീസില്‍ ഈ മദ്യത്തിന്റെ ഉല്‍പ്പാദനത്തിന്ന് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സതീശന്‍ സര്‍ക്കാര്‍ 20 ശതമാനം വരെ ആല്‍ക്കഹോളുള്ള മദ്യത്തിന്
നികുതി നിശ്ചയിച്ച് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നിട്ടും പറയുന്നത് മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുമെന്നാണ്!
വീര്യം കുറഞ്ഞ മദ്യ വില്‍പനയ്‌ക്ക് മദ്യക്കമ്പനികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നികുതി വരുമാനം കുറയുമെന്ന് പറഞ്ഞ് ധനവകുപ്പ് ഈ ആവശ്യം തള്ളുകയായിരുന്നു. ഇതേ കാര്യമാണ് സതീശന്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഭരണകാലത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മദ്യനയത്തിനെതിരെ സിപിഎം രംഗത്ത് വന്നിരിക്കുന്നതാണ് മറ്റൊരു കാപട്യം. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചത് എക്‌സൈസ് മന്ത്രി അറിയാതെയാണത്രേ.
കൃത്യമായ മുന്‍ഗണനകളും പരിശോധനകളുമില്ലാതെ പെട്ടെന്ന് നടപ്പിലാക്കില്ലെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു. ചര്‍ച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണത്രേ എക്‌സൈസ് മന്ത്രി എം. ലിജു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെക്കുറിച്ച് വിവിധ തലങ്ങളില്‍ വിശദമായ ചര്‍ച്ചവേണമെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്.
പിന്നെ എന്തിനാണ് ബജറ്റില്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്? നയപരമായ കാര്യം ആലോചനയില്ലാതെ ഏകപക്ഷീയമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാണല്ലോ. കേരളത്തിലെ ജനങ്ങളുടെ വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും തകര്‍ക്കുന്ന ഒന്നായി അമിത മദ്യപാനം മാറിയിട്ട് കാലങ്ങളായി. മദ്യലഭ്യത വര്‍ദ്ധിപ്പിച്ചുകൊണ്ട് മദ്യ വര്‍ജ്ജനം കൊണ്ടുവരാം എന്നാണ് ഇടതു വലത് മുന്നണികളുടെ മദ്യനയം. സിപിഎമ്മിന് ഇക്കാര്യത്തില്‍ സ്ഥാപിത താല്പര്യമുണ്ട്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന്റെ മുഖ്യപ്രതി സിപിഎമ്മാണെന്ന് പറയേണ്ടിവരും. ആ രീതി തന്നെ ഇപ്പോള്‍ സതീശന്‍ സര്‍ക്കാരും പിന്തുടരുന്നു. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന് ഇതിലൂടെയും വ്യക്തമാവുന്നു.
















