
ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പോലീസ് ചമഞ്ഞ് മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ കർണാടക സി.ഐ.ഡി ഇൻസ്‌പെക്ടറും രണ്ട് കൂട്ടാളികളും അറസ്റ്റിൽ. സി.ഐ.ഡി ഇൻസ്‌പെക്ടർ മഹേഷ് കനകഗിരി, ഇയാളുടെ കൂട്ടാളികളായ കുപേന്ദ്ര റെഡ്ഡി, വസന്ത് കുമാർ എന്നിവരെയാണ് മടിവാള പോലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു ഭീഷണിപ്പെടുത്തിയാണ് ഇവർ പണം കവർന്നത്. മലപ്പുറം സ്വദേശി ജുനീഷ് ബാബു (40) നൽകിയ പരാതിയിലാണ് പോലീസ് നടപടി.
ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ സുഹൃത്തായ നവീനെ കാണുന്നതിനായി രണ്ട് സുഹൃത്തുക്കൾക്കൊപ്പം 20 ലക്ഷം രൂപയുമായാണ് ജുനീഷ് ബാബു ബെംഗളൂരുവിൽ എത്തിയത്. മടിവാളയിലെ വൈറ്റ് സ്റ്റോൺ ലോഡ്ജിൽ താമസിക്കുകയായിരുന്ന ജുനീഷിന്റെയും സുഹൃത്തുക്കളുടെയും പക്കൽ വൻ തുകയുണ്ടെന്ന വിവരം മനസിലാക്കിയ പ്രതികൾ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഈ പണം നിയമവിരുദ്ധമായ ഇടപാടുകൾക്കായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും, ഇവരെ മർദ്ദിച്ച ശേഷം 20 ലക്ഷം രൂപയുമായി കടന്നുകളയുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ജുനീഷ് മടിവാള പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി പോലീസ് കമ്മിഷണർ മുഹമ്മദ് സുജീതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കവർച്ചയിൽ മഹേഷിന്റെ പങ്കു വ്യക്തമായത്. നേരത്തെ ബന്ദേപാളയ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന മഹേഷ് അടുത്തയിടെയാണ് സിഐഡിയിലെത്തിയത്. അറസ്റ്റിലായ പ്രതികളെ നിലവിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.