ലക്നൗ : ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ചതിന്റെ പേരിൽ ഇസ്ലാം പണ്ഡിതർ നിരന്തരം ഫത്വ നൽകിയ മുഹമ്മദ് ഷഹ്സാദ് സനാതനധർമ്മം സ്വീകരിച്ചതിന് പിന്നാലെ ഗ്രാമീണർ നൽകിയത് വൻ വരവേൽപ്പ് . ഉത്തർപ്രദേശിലെ സഹാറൻപൂർ നിവാസിയായ , ഷഹ്‌സാദിനൊപ്പം ഭാര്യയും കുട്ടികളും സനാതന ധർമ്മം സ്വീകരിച്ചിരുന്നു. അദ്ദേഹം ‘ശങ്കർ’ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. സ്വന്തം വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു.
ഏപ്രിൽ 21 നാണ്, ധർമ്മാചാര്യ അരുൺ കൃഷ്ണ മഹാരാജിന്റെ സാന്നിധ്യത്തിൽ വേദ ആചാരങ്ങൾ പാലിച്ചുകൊണ്ട് ഷഹ്‌സാദും കുടുംബവും സനാതന ധർമ്മം സ്വീകരിച്ചത്. ഗംഗയിൽ പുണ്യസ്നാനം, ഹവന-പൂജ , മറ്റ് മതപരമായ ചടങ്ങുകൾ എന്നിവ നടത്തിയ ശേഷമാണ് കുടുംബം മതപരിവർത്തന പ്രക്രിയയ്‌ക്ക് വിധേയമായത്. തുടർന്ന്, കുടുംബം ഏകദേശം 57 ദിവസം ഹരിദ്വാറിൽ താമസിച്ചു.
കഴിഞ്ഞ ദിവസമാണ് ഇവർ സഹാറൻപൂരിലേക്ക് മടങ്ങിയത് . അവിടെ ഗ്രാമവാസികൾ അവരെ സിന്ദൂരം ചാർത്തിയും മാല ചാർത്തിയും സ്വീകരിച്ചു. ഗ്രാമത്തിലെത്തിയ ഷഹ്സാദ് ആദ്യം ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി; ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കുടുംബാംഗങ്ങൾക്കും പുതിയ പേരുകൾ നൽകിയിട്ടുണ്ട്. ഭാര്യ റസിയയ്‌ക്ക് സാവിത്രി എന്നും, മകൻ റിഹാന് രുദ്ര എന്നും, മകൾ മുസ്കന് രുക്മിണി എന്നും, മറ്റൊരു മകൾ റോസിക്ക് ദീക്ഷ എന്നും പേരിട്ടു.
സനാതന ധർമ്മത്തിൽ വളരെക്കാലമായി വിശ്വാസമുണ്ടായിരുന്നതായും ഇസ്ലാമിനുള്ളിലെ തീവ്രവാദ മനോഭാവം തന്നെ അസ്വസ്ഥനാക്കിയിരുന്നതായും ഷഹ്സാദ് പറയുന്നു. ആരാധനകളിലും മതപരമായ പരിപാടികളിലും അദ്ദേഹം പലപ്പോഴും രഹസ്യമായി പങ്കെടുക്കുമായിരുന്നു; ഇത് മൗലാനമാർ അദ്ദേഹത്തിനെതിരെ ഫത്‌വകൾ പുറപ്പെടുവിക്കാൻ കാരണമായി.പല ഇസ്ലാമിസ്റ്റുകളും തന്നെ ഭീഷണിപ്പെടുത്തിയതായും അദേഹം പറഞ്ഞു.
















