ഹൂസ്റ്റണ്‍: പ്രാഥമിക ഘട്ടത്തിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ലോകകപ്പിന് വാശിയേറുന്നു. രാത്രി 10.30ന് ഗ്രൂപ്പ് എഫില്‍ നടക്കുന്ന പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സ്വീഡനെതിരെ. ടുണീഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ജയിച്ച് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് എഫ് പട്ടികയില്‍ മുന്നിലാണ് സ്വീഡന്‍. ജപ്പാനോട് സമനിലയില്‍ കുരുങ്ങിയ നെതര്‍ലന്‍ഡ്‌സ് ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഹൂസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ജയം നേടാനായില്ലെങ്കില്‍ നെതര്‍ലന്‍ഡ്‌സ് നില പരുങ്ങലിലാകും. ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ ജപ്പാനും ടൂണീഷ്യയും തമ്മിലുള്ള മത്സരം നാളെ രാവിലെ 9.30നാണ്. നെതര്‍ലന്‍ഡിനെ സമനിലയില്‍ പൂട്ടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ജപ്പാന്‍ കളത്തിലിറങ്ങുന്നത്.
ജയം തുടരാന്‍ ജര്‍മനി
ഗ്രൂപ്പ് ഇ രണ്ടാം റൗണ്ടില്‍ രാത്രി 1.30ന് ജര്‍മനി ഐവറി കോസ്റ്റിനെ നേരിടും. ഇതുവരെ ഏറ്റവും വലിയ ജയം സ്വന്തമാക്കിയിരിക്കുന്നത ടീം ആണ് ജര്‍മനി. ആദ്യ റൗണ്ടില്‍ പുതുക്കക്കാരായ കുറസാവോയെ 7-1ന് തകര്‍ക്കുകയായിരുന്നു. കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിലാണ് ജര്‍മനിയുടെ മത്സരം. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി മുന്നിലാണ് ജര്‍മനി. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്തും. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഇക്വഡോറും കുറസാവോയും നാളെ വെളുപ്പിന് 5.30ന് പോരടിക്കും.
















