
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നില്‍ യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ നടത്തി.കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്ന പറഞ്ഞാണ് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസം വൈകുന്നേരം പരസ്യ വിചാരണ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച യുവതിയും യുവാവും സഞ്ചരിച്ച കാര്‍, മറ്റൊരു കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്ന് പറഞ്ഞ് ഇന്നലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവച്ച ശേഷമായിരുന്നു പരസ്യ വിചാരണ. പൊലീസ് സാന്നിധ്യത്തിലാണിത്.
നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. എന്നാല്‍ പൊലീസ് ആക്രമണത്തെ തടയാന്‍ ശ്രമിച്ചില്ല.
മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ഓടിച്ച യുവാവ് കാപ കേസ് പ്രതിയാണെന്ന് കണ്ടെത്തി.യുവതിയുടെ പേരില്‍ കേസുകളുളളതായി വിവരമില്ല. ഇരുവരുടെയും പക്കല്‍ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണ നടത്തിയത്. എന്നാല്‍ വാഹനത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.