തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോവുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് ഉപസമിതി രൂപീകരിച്ചു മന്ത്രിസഭായോഗം തീരുമാനമായി. നാലംഗ സമിതിയാണ് രൂപീകരിച്ചത്. സമിതി പദ്ധതി വിശദമായി പരിഗണിക്കും. സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തുടരുന്നതിൽ തീരുമാനമെടുക്കും. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, റോജി എം. ജോൺ, പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരാണ് സമിതി അംഗങ്ങൾ. പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉപസമിതിയെ നിയോഗിച്ച് വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.
സമിതി രൂപീകരിച്ചതോടെ വിഷയത്തിൽ താൽക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് സർക്കാർ. പ്രതിപക്ഷത്തായിരുക്കുമ്പോൾ തങ്ങൾ ഏറെ എതിർത്ത പദ്ധതിയുമായി മുന്നോട്ടു പോയാൽ സർക്കാർ പ്രതിരോധത്തിലാവുമെന്നിരിക്കെയാണ് ഉപസമിതിയെ രൂപീകരിച്ച് മന്ത്രി സഭ താൽക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുന്നത്.
















