തിരുവനന്തപുരം :സ്ത്രീകള്‍ക്ക് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ തിരുവനന്തപുരം ജില്ലയിലെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് നിര്‍വഹിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നല്‍കുമെന്ന യുഡിഎഫിന്റെ വാഗ്ദാനം വിശ്വസിച്ച് നിരവധി സ്ത്രീകള്‍ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം വാഗ്ദാനം പൂര്‍ണമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സൗജന്യ യാത്രയുണ്ടെന്ന് പ്രഖ്യാപിക്കുമ്പോഴും ഏതെല്ലാം ബസുകളിലാണ് ആനുകൂല്യം ലഭ്യമാകുന്നതെന്ന് യാത്രക്കാര്‍ക്ക് പോലും വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. ഇന്നലെ വരെ ഓര്‍ഡിനറി സര്‍വീസായിരുന്ന നിരവധി ബസുകള്‍ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളാക്കി മാറ്റി സൗജന്യ യാത്രയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.
ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഇനി ബസ് എവിടേക്കാണ് പോകുന്നതെന്ന് നോക്കുന്നതിന് മുമ്പ് അതില്‍ സൗജന്യ യാത്ര ലഭിക്കുമോയെന്ന് പരിശോധിക്കേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന വാഗ്ദാനം ആത്മാര്‍ത്ഥമായിരുന്നുവെങ്കില്‍ അത് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും നടപ്പാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടിരിക്കുകയാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും എസ്. സുരേഷ് പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണമായി നടപ്പാക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് വി.ഡി. സതീശന്റെ നേതാവായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേര് നല്‍കിയിരിക്കുകയാണെന്നും, അതിനാല്‍ ഈ വാഗ്ദാന ലംഘനം ഇനി മുതല്‍ ”പ്രിയദര്‍ശിനി തട്ടിപ്പ്” എന്ന പേരില്‍ അറിയപ്പെടുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സ്ത്രീകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍, ബിജെപിയുടെയും, മഹിളാമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലും സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്‍ഡുകളിലും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്. സുരേഷ് അറിയിച്ചു.
















