യശ്ശശരീരനായ കെ. ഭാസ്‌കര്‍ റാവുജിയെ കുറിച്ചുള്ള കുറിപ്പിന് വായനക്കാര്‍ നല്‍കിയ സ്വീകരണവും അഭിനന്ദനവും സംഘ ജീവിതത്തിലെ പഴയ ചില ചിതറിയ ഓര്‍മ്മകള്‍ പങ്കു വെക്കാനുള്ള ധൈര്യം നല്‍കുന്നു. ഏറെ പ്രവര്‍ത്തകര്‍ വിളിച്ചു. എല്ലാവരും പഴയ തലമുറക്കാര്‍. സംസാരിക്കുമ്പോള്‍ പലരും വികാരഭരിതരായിരുന്നു. ഭാസ്‌ക്കര്‍ റാവുജി ഒരു ‘വികാരം’ ആയിരുന്നു എന്ന് പറയുന്നത് എത്ര ശരി ! പലരുടെയും സംഘ വയസ്സ് എന്റെ ക്രോണോളജിക്കല്‍ വയസ്സിനെക്കാള്‍ കൂടുതല്‍ ! ഞാന്‍ മുഖ്യ ശിക്ഷക് ആവുന്നതിനേക്കാള്‍ മുന്‍പ് ജില്ലാകാര്യവാഹ് ആയ ആള്‍ പോലുമുണ്ട് കൂട്ടത്തില്‍.
ഈ കുറിപ്പ് അടിയന്തിരാവസ്ഥ കാലത്തെ ഒളിവു ജീവിതത്തിലെ ഒരു സന്ദര്‍ഭത്തെ കുറിച്ചാണ്. ഈ വിഷയം തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്. അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിലെ പ്രവര്‍ത്തനവുമായി പുലബന്ധം ഇല്ലാത്തവരും അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്റെ സഹയാത്രികരുമായിരുന്ന ചിലരും തങ്ങള്‍ അടിയന്തിരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിച്ച് മര്‍ദനം ഏറ്റുവാങ്ങിയവരാണെന്നും മറ്റും പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരി അടക്കാന്‍ സാധിക്കാറില്ല. പലരും രണ്ടാം സ്വാതന്ത്ര്യ സമരയോദ്ധാക്കളെ ആദരിക്കുമ്പോള്‍ വന്നു ആദരവും സ്വീകരിക്കാറുണ്ട്. അവരെ തിരിച്ചറിയാത്തതിന്, സംഘാടകരായ പുതു തലമുറയെ കുറ്റപ്പെടുത്താനും വയ്യ. അത് പലപ്പോഴും യുവ സംഘപ്രവര്‍ത്തരില്‍ ആശയ കുഴപ്പങ്ങള്‍ ഉളവാക്കാറുമുണ്ട്. ഇനി കാര്യത്തിലേക്ക്:
1976ലെ ഒരു സെപ്റ്റംബര്‍ സന്ധ്യ. സംഘത്തിന്റെ അന്നത്തെ കൊച്ചി ജില്ലാ ടീമിന്റെ സുപ്രധാന ബൈഠക്. ജില്ലയുടെ ശ്രീ ഗുരുദക്ഷിണയുടെ കണക്കു ശരിയാക്കലും ലിസ്റ്റ് സമര്‍പ്പിക്കലും. ബൈഠക്ക് നടക്കുന്നത് അന്നത്തെ ജില്ലാ കാര്യവാഹ് നാരായണ്‍ റാവുജിയുടെ മട്ടാഞ്ചേരിയിലെ ചെര്‍ളായിലുള്ള വീടിന്റെ മുകള്‍നിലയില്‍. അവിടത്തെ തെരുവ് സമ്പ്രദായ പ്രകാരം ജനലുകള്‍ തുറക്കുന്നത് തെരുവിലേക്കാണ്. ജില്ലാ ടീമിലെ ആറ് അംഗങ്ങളും വിഭാഗ് പ്രചാരക് എസ്. സേതുവേട്ടനും സന്നിഹിതര്‍. ജില്ലയില്‍ നടന്ന മുഴുവന്‍ ശ്രീ ഗുരുദക്ഷിണയുടെയും (അണ്ടര്‍ഗ്രൗണ്ട്) പണവും അര്‍പ്പിച്ചവരുടെ ലിസ്റ്റും അവിടെ ജില്ലാ പ്രചാരകനും വിഭാഗ് പ്രചാരകനും സമര്‍പ്പിക്കപ്പെടുകയാണ്. പോലീസിന്റെ വരവുണ്ടായാല്‍ അറിയിക്കാന്‍ തെരുവില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികളെ ചുമതലപെടുത്തിയിരുന്നു.
കണക്കുകളും ലിസ്റ്റും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഗോവണി ചാടിക്കയറി വന്നു പറഞ്ഞു, റോഡില്‍ പോലീസിന്റെ കാര്‍ ….. പെട്ടെന്ന് എല്ലാവരുടെയും മുഖങ്ങളില്‍ മ്ലാനത പരന്നു. പോലീസിന്റെ പിടിയിലാകുന്നതിന്റെ ഭയമല്ലായിരുന്നു. ഗുരുദക്ഷിണ ചെയ്തവരുടെ ലിസ്റ്റ് പോലീസിന്റെ കൈയില്‍പ്പെടുമ്പോള്‍ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തെ എങ്ങിനെ ബാധിക്കും എന്നതായിരുന്നു ആധി. സ്വയംസേവകര്‍ രക്തം വിയര്‍പ്പാക്കി അര്‍പ്പിച്ച ശ്രീ ഗുരുദക്ഷിണ തുക പോലീസിന്റെ കൈയ്യില്‍പ്പെട്ടു പോകുന്നതിന്റെ സങ്കടം വേറെ. ജില്ലയെ നയിക്കുന്ന പ്രവര്‍ത്തക ബാച്ച് ഒറ്റയടിക്ക് അകത്താവുമെന്നത് നിസ്ത്തര്‍ക്കം. അതു മൂലം പ്രാന്ത് കേന്ദ്രമായ കൊച്ചിയില്‍ സംഘ പ്രവര്‍ത്തനത്തിനു ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി പ്രവചനങ്ങള്‍ക്ക് അതീതം. വിഭാഗ് പ്രചാരക് സേതുവേട്ടന്‍ പിടിക്കപ്പെട്ടാലുള്ള അവസ്ഥ അചിന്തനീയം. അവിടത്തെ തെരുവിന്റെ സ്വഭാവം അനുസരിച്ചു രക്ഷപ്പെട്ടു പോകാന്‍ മാര്‍ഗ്ഗവുമില്ല.
1976 ജനുവരി 14നു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചപ്പോള്‍ അനുഭവിച്ച പോലീസ് ഭേദ്യം ഓര്‍ത്തു. രണ്ടു മണിക്കൂര്‍ നീണ്ട മൂന്നാം മുറ. അതിന്റെ ഫലമായുള്ള കഠിനമായ പുറം വേദന അന്നും ശക്തമായിരുന്നു. ആ സാഹചര്യത്തില്‍ ഇത് പോലെ പിടിക്കപെട്ടാല്‍ ഉള്ള പോലീസ് ടോര്‍ച്ചര്‍ അതിഭീകരമായിരുന്നു. അതിന്റെ ഇരകള്‍ പലരും ഇന്നും ജീവിക്കുന്ന ബലിദാനികളാണ്. പലരും വിഷ്ണുപാദത്തില്‍ ലയിച്ചു.
സേതുവേട്ടന്‍ അക്ഷോഭ്യനായി ഇരുന്നു. ഞങ്ങളില്‍ ചിലര്‍ കൈവശമുള്ള ലിസ്റ്റും പണവും ഇരിക്കുന്ന പായുടെ കീഴില്‍ മറയ്‌ക്കാന്‍ ഒരു ശ്രമം നടത്തി. ഉടന്‍ വന്നു ജില്ലാ പ്രചാരക് സി.കെ. ശ്രീനിവാസന്‍ചേട്ടന്റെ (അഡ്വ. സി. കെ. ശ്രീനിവസന്‍, ഇപ്പോള്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് ) നിര്‍ദ്ദേശം : ‘പായിന്റെ കീഴിലൊന്നും ഒളിപ്പിച്ചിട്ട് കാര്യമില്ല. അവര്‍ ആദ്യം തപ്പുന്നത് പായിന്റെ കീഴിലായിരിക്കും’ വീണ്ടും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. പതിനഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോള്‍ നേരത്തെ വന്ന കോളേജ് വിദ്യാര്‍ഥി വീണ്ടും ഓടി വന്നു, പോലീസ് സംഘമില്ല. ഒരു ഓഫിസര്‍ മാത്രമാണ് കാറില്‍ വന്നിരിക്കുന്നത്. അദ്ദേഹത്തിന് പോവേണ്ട സ്ഥലം ഡ്രൈവര്‍ ഒരാളോട് ചോദിക്കുന്നത് കേട്ടു. ഞങ്ങള്‍ കൂടിയിരിക്കുന്ന വീടിന്റെ അടുത്ത തെരുവില്‍ ആണ് പോലീസ് ഓഫിസര്‍ കാണാന്‍ ആഗ്രഹിച്ച ഇന്‍കം ടാക്സ് ഓഫിസര്‍. അപ്പോള്‍ പൊതുവായ മ്ലാനത മാറി. എനിക്കൊരു ആഗ്രഹം, ‘ആപ്പീസറെ ഒരു നോക്ക് കണ്ടാലോ’. ജനാലക്കരികില്‍ നിന്ന് തെരുവിലേക്ക് നോക്കി. ഡി.ഐ.ജി. കുമാരസ്വാമി ആരോടോ സംസാരിച്ചു കൊണ്ട് നടന്നു പോകുന്നു. ഏതൊരു പ്രസ്ഥാനത്തെയാണോ ഉരുക്കു മുഷ്ടി കൊണ്ടും കിരാത മര്‍ദ്ദനം കൊണ്ടും അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തര മന്ത്രി കെ. കരുണാകരനും അദ്ദേഹത്തിന് നിര്‍ദേശം തന്നിരിക്കുന്നത് ആ സംഘടനയുടെ ഒരു ജില്ലയിലെ ക്രീം തന്റെ നടപ്പാതയുടെ മുകളില്‍ നിര്‍ബാധം ഇരിക്കുന്നു, സംഘടനാ യന്ത്രത്തെ തിരിക്കുന്നു. ഇന്നും ഓര്‍ക്കുമ്പോള്‍ ഞെട്ടി തരിച്ചു പോകുന്ന പോകുന്ന സംഭവം.
അന്ന് രാത്രി തന്നെ ശ്രീ ഗുരുദക്ഷിണയുടെ ലിസ്റ്റും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ പണവും സുരക്ഷിതമായി, ‘എത്തേണ്ടിടത്ത്’ എത്തി എന്ന് പിറ്റേന്ന് ഉറപ്പു വന്നപ്പോള്‍ ഉണ്ടായ സന്തോഷവും സമാധാനവും വാക്കുകള്‍ക്ക് അതീതം.
ഇപ്പോഴും നാരായണ്‍ റാവുജിയുടെ അതെ വീട്ടില്‍ ഇടയ്‌ക്കിടെ പോകാറുണ്ട്. ഒരിക്കല്‍ ഒന്നാം നിലയിലെ ആ പഴയ മുറി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം മുകളില്‍ കൊണ്ട് പോയി കാണിച്ചു തന്നു. കുറെ നേരത്തേക്ക് എല്ലാവരെയും സ്തബ്ദരാക്കിയ ആ സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ഒരു സ്വീറ്റ് നൊസ്റ്റാള്‍ജിയയായി മാറുന്ന വിസ്മയവും അന്നറിഞ്ഞു. ആ മുറി കാണാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശ്രീമതിക്കു വല്ലാത്ത കൗതുകം. അടിയന്തിരാവസ്ഥ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.
ഇത് പോലെ നൂറു കണക്കിന് സ്വയംസേവകര്‍ക്കു നൂറു കണക്കിന് അനുഭവങ്ങള്‍ പറയാനുണ്ടാകും. അതെല്ലാം ‘രണ്ടാം സ്വാതന്ത്ര്യ സമര’ ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളാണ്. ഏറെ കൗതുകം ഉണര്‍ത്തുന്ന ഒരു അനുഭവം സൂചിപ്പിച്ചു എന്ന് മാത്രം.















