ന്യൂദൽഹി: രണ്ടുലക്ഷം രൂപ തലക്ക് വില പറഞ്ഞിരുന്ന വെ്ങ്കിടേഷ് ഗാർഗ് എന്ന കൊടുംകുറ്റവാളി ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി. ജോർജിയയിൽ നിന്ന് ഇയാളെ നാടുകടത്തിയതിനെ തുടർന്ന് ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) വെങ്കിടേഷ് ഗാർഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാർഗ്, എസ്ടിഎഫിന്റെ ‘മോസ്റ്റ് വാണ്ടഡ്’ കുറ്റവാളികളിൽ ഒരാളായിരുന്നു. ഹരിയാന, ദൽഹി, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പിടിച്ചുപറി എന്നിവയുൾപ്പെടെ ഒരു ഡസനിലധികം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ഭാരതത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജോർജിയയിൽ നിന്ന് സംഘടിതമായി കൊള്ളയടിക്കൽ ശൃംഖല നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാടുകടത്തൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് വ്യാഴാഴ്ച ഇയാളെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു, ഉടൻ തന്നെ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു.
ഹരിയാനയിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് ഹർബിലാസ് രജ്ജുമജ്രയുടെ കൊലപാതകത്തിലും വെങ്കിടേഷ് ഗാർഗിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം, ഗാർഗ് ജോർജിയയിലേക്ക് രക്ഷപ്പെട്ടു, അവിടെ കപിൽ സാങ്‌വാൻ സംഘത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടർന്നു. വിദേശത്ത് നിന്ന്, ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വെടിവെപ്പ് നടത്തുന്നവരെ റിക്രൂട്ട് ചെയ്യുകയും, വ്യക്തികളെയും ബിസിനസുകളെയും ലക്ഷ്യമിട്ട് വിപുലമായ കൊള്ളയടിക്കൽ റാക്കറ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
















