Football

ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍

Published by
സ്വരാജ് പി.എസ്

ന്യൂയോര്‍ക്ക് സിറ്റി: ഓരോ ലോകകപ്പും ഒരായിരം പ്രതീക്ഷകളിലൂടെയാണ് കടന്നുപോകുന്നത്. ആഴ്‌ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ഈ മാമാങ്കം കഴിഞ്ഞാല്‍ പിന്നെ ലോകകപ്പ് ഫുട്‌ബോളിലേക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്ന പ്രിയതാരങ്ങള്‍ നിരവധിയുണ്ടാകും. രക്തം തിളച്ചുമറിയുന്നപോലെ സിരകളെ കോരിത്തരിപ്പിക്കുന്ന ദിനരാത്രങ്ങള്‍ക്കൊടുവില്‍ ജയിച്ചവര്‍ക്കിടയിലും തോറ്റവര്‍ക്കിടയിലും ഏതാനും പേരുണ്ടാകും. ഇത്രയും ആവേശവും വൈകാരികവുമായ മത്സരത്തിലേക്ക് ഇനിയൊരു പ്രതീക്ഷയും വച്ചു പുലര്‍ത്താനില്ലെന്ന് തിരിച്ചറിയുന്ന താരങ്ങള്‍. ഈ വലിയ വേദിയില്‍ ആ പ്രിയതാരങ്ങളുടെ പ്രകടനം കാണാനാവില്ലെന്ന സങ്കടം ലക്ഷോപലക്ഷം ആരാധക ഹൃദയങ്ങളിലും അലയടിക്കും. കിരീടം നേടിയാല്‍ പോലും ആ സങ്കടത്തിന് കുറവുണ്ടാകില്ല. ഇത്തവണത്തെ ലോകകപ്പോടെ ഇനിയൊരു ലോകകപ്പിനുണ്ടാവില്ലെന്ന് കരുതാവുന്ന ഒരു പിടി താരങ്ങള്‍ അവരുടെ ലാസ്റ്റ് ഡാന്‍സിന് ഒരുങ്ങിക്കഴിഞ്ഞു.

സൂപ്പര്‍ താരങ്ങള്‍ നിരവധി ഉണ്ടെങ്കിലും ഉദ്ഘാടന പോരാട്ടത്തില്‍ മെക്‌സിക്കോ ഗോള്‍ വല കാക്കാനിറങ്ങുന്ന നായകന്‍ ഗില്ലര്‍മൊ ഒച്ചോവ ഒരു കംപ്ലീറ്റ് ലോകകപ്പ് താരമാണ്. സൂപ്പര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ചരിത്രം പറയാന്‍ ഒച്ചോവയ്‌ക്കില്ല. അതിനാല്‍ ലോകകപ്പ് ഫുട്‌ബോളുകളിലേ ഒച്ചോവയുടെ മികവേ ലോകം കൂടുതലായി കണ്ടിട്ടുള്ളൂ, അറിയാറുള്ളൂ. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ എന്ന് വിലയിരുത്താവുന്ന താരമാണ് ഒച്ചോവ, മെക്‌സിക്കോ ഈ ലോകകപ്പില്‍ എത്രത്തോളം മുന്നേറുന്നുവോ അതുവരെ മാത്രമേ 40കാരനെ ലോകത്തിന് ആവേശപൂര്‍വ്വം കാണാനാകൂ. സൈപ്രസിലെ എഇഎല്‍ ലിമാസ്സോള്‍ ടീമിനായാണ് ഒച്ചോവ കളിക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ കളിനോട്ടങ്ങളിലേക്ക് പോയാല്‍ ആരാധകര്‍ കൂടുതല്‍ സങ്കടത്തിലാകും. കാരണം മറ്റൊന്നുമല്ല. ഈ പ്രിയ താരങ്ങള്‍ ഇനിയൊരു ലോകകപ്പിന് ആവേശമാകാന്‍ കളിക്കളത്തിലുണ്ടാവില്ലെന്നതായിരിക്കും അതിന് കാരണം. പ്രായം 41ലെത്തിയ സി ആര്‍ 7 അഥവാ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല് വര്‍ഷം കൂടി കഴിഞ്ഞ് അടുത്ത ലോകകപ്പെത്തുമ്പോഴേക്കും കളിക്കാന്‍ പറ്റാത്ത പ്രായത്തിലെത്തിയിട്ടുണ്ടാകും. മാത്രമല്ല അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു, ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന്. ഫുട്‌ബോള്‍ ലോകത്ത് നേടാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റോണോയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ലോകകിരീടം എന്ന പൂര്‍ണതയാണ്.

കളത്തിലെ പ്രകടനം കണ്ട് താരങ്ങളെ വളരെ അടുപ്പമുള്ളവരാക്കിയ ആരാധകര്‍ ലോകമെമ്പാടും നിരവധിയുണ്ട്. അത്തരം ആളുകള്‍ക്കാര്‍ക്കും മനസില്‍ നിന്ന് ഉപേക്ഷിക്കാനാവാത്ത ചിത്രമാണ് ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിനെയുടേത്. ബെല്‍ജിയം ടീമിന്റെ സുവര്‍ണ തലമുറയില്‍ അവശേഷിക്കുന്ന താരങ്ങളില്‍ രണ്ട് പേരാണ് ഡിബ്രുയിനെയും റൊമേലു ലുക്കാക്കുവും.

പരിക്ക് കരിയറിനെ ഛിന്നഭിന്നമാക്കിയിട്ടും പൊരുതിനിന്ന ലോകത്തിന്റെ സൂപ്പര്‍ ഹീറോയായി കളിപ്രേമികളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നെയ്‌മര്‍. ക്രിസ്റ്റിയാനോയ്‌ക്കും മെസിക്കുമൊപ്പം നിരത്താവുന്ന സിംഹാസനത്തിന് അര്‍ഹനായ താരം. പരിക്കിനൊപ്പം വമ്പന്‍ താരങ്ങളെ ആഘോഷിക്കുന്നതിനിടെ സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുപോയ കരിയര്‍ കൂടിയാണ് നെയ്‌മറുടേത്. 2012ല്‍ പെപ്പ് ഗ്വാര്‍ഡിയോള ബാഴ്‌സയുടെ പരിശീലക വേഷത്തില്‍ നിന്നിറങ്ങിയതോടെ മെസിയുടെ പ്രതാപം മങ്ങിത്തുടങ്ങിയതാണ്. പിന്നീട് മെസിയെയും ബാഴ്‌സയെയും നിലനിര്‍ത്തിയത് നെയ്‌മറുടെ മികവായിരുന്നു. പക്ഷെ വമ്പന്‍ പേരുകള്‍ക്കൊപ്പം അലിഞ്ഞുചേരാനായിരുന്നു നെയ്‌മറുടെ നിയോഗം. പിന്നീട് ബാഴ്‌സ വിട്ട് പിഎസ്ജിയിലെത്തിയ കാലത്താണ് 2018 റഷ്യന്‍ ലോകകപ്പ് എംബാപ്പെയെ സൂപ്പര്‍ സ്റ്റാറാക്കിയത്. പിഎസ്ജിയെ വമ്പോടെ മുന്നോട്ട് നയിച്ച താരം നെയ്‌മറായിരുന്നെങ്കിലും എംബാപ്പെയെ ആഘോഷിച്ച ഫ്രഞ്ചുകാരും യൂറോപ്യന്‍ ഫുട്‌ബോളും നെയ്‌മറുടെ മികവിനെ പങ്കുവച്ച് ദ്രോഹിച്ചു. ടിറ്റെയ്‌ക്ക് കീഴില്‍ 2018ലും 2022ലും സമ്പൂര്‍ണ ടീം ആയാണ് ബ്രസീല്‍ പടപൊരുതാനിറങ്ങിയത്. പക്ഷെ അന്നും ടീമിന്റെ ഹൃദയ സ്പന്ദനമായ നെയ്‌മര്‍ പരിക്കിന്റെ ക്ഷീണം വിട്ടുമാറാതെയാണ് ലോകകപ്പിനെത്തിയത്. എങ്കിലും പ്രതീക്ഷ കാക്കുന്ന പ്രകടനം നെയ്‌മര്‍ നടത്തിപോന്നു. ഇക്കുറി ആഞ്ചലോട്ടിക്ക് കീഴില്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍, പരിക്ക് വല്ലാതെ വീര്‍പ്പുമുട്ടിക്കുന്ന നെയ്‌മര്‍ ഇനിയൊരു ലോകകപ്പിന് കാണുമോയെന്ന് കണ്ടറിയണം.

ക്രൊയേഷ്യന്‍ ഫുട്‌ബോളിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച സൂപ്പര്‍ ഹിറോ ലൂക്കാ മോഡ്രിച്ച് വിടപറയുന്ന ലോകകപ്പ് കൂടിയാണിത്. കഴിഞ്ഞ തവണ മെസിയുടെ കുതിപ്പിന് മുന്നില്‍ തല കുനിക്കേണ്ടിവന്നു. 2014ല്‍ ലോകകപ്പ് നേട്ടത്തിനൊപ്പം അക്കൊല്ലത്തെ മികച്ച ഗോളിയെന്ന അധിമധുരം കൂടി പങ്കുവച്ച ജര്‍മന്‍ ഗോളിയും നായകനുമായ മാനുവല്‍ നോയര്‍ക്കും ഇത് അവസാന അവസരം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലിവര്‍ പൂള്‍ എഫ്‌സി പ്രതാപകാലം അതിഗംഭീരമായി തിരിച്ചുപിടിച്ചപ്പോള്‍ അതിന്റെ മദ്ധ്യത്തില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധക്കാര നായി നിറഞ്ഞു നിന്ന വിര്‍ജില്‍ വാന്‍ദെയ്‌ക്കിനും ഇത് അവസാന ഊഴമാണ്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിരവധി ആരാധകരുള്ള നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷയും പേറിയാണ് വാന്‍ദെയ്‌ക്ക് ഇത്തവണ ആം ബാന്‍ഡ് കെട്ടി ഓറഞ്ച് പടയുമായി ഇറങ്ങുന്നത്.

ലോകകപ്പിന്റെ ഏഷ്യന്‍ പ്രതീക്ഷയായ കൊറിയന്‍ താരം സണ്‍ ഹ്വെങ്-മിന്‍, ബ്രസീലിയന്‍ ഗോളി ആലിസന്‍ ബെക്കര്‍, അര്‍ജന്റീന പ്രതിരോധ താരം നിക്കോലാസ് ഒട്ടോമെന്‍ഡി, കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ്… അങ്ങനെ നീളുന്ന ഒരുപിടി താരങ്ങള്‍ ഈ ലോകകപ്പോടെ വിടപറയാനൊരുന്ന പ്രതിഭകളായി അണിനിരക്കുകയാണ്. ഖത്തറിലൂടെ ലോകകപ്പ് എന്ന പൂര്‍ണത കൂടി പ്രാപിച്ച ലയണല്‍ മെസിയെ ഇനിയൊരു നാല് വര്‍ഷത്തിന് ശേഷമുള്ള ലോകകപ്പില്‍ കാണാനാവില്ലെന്ന് താരം നേരിട്ടും അല്ലാതെയും അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Recent Posts