തേഞ്ഞിപ്പാലം: മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് ഉള്‍പ്പെടെ സഹായകമാകുന്ന പരീക്ഷണ പദ്ധതിക്ക് 2.3 കോടിയുടെ അംഗീകാരം നേടി കാലിക്കറ്റ് സര്‍വകലാശാല. പരമാണു തലങ്ങളിലെ ജൈവ പ്രതിഭാസങ്ങള്‍ പര്യവേഷണം ചെയ്യുന്നതിനുള്ള അന്തര്‍-ശാസ്ത്ര ഗവേഷണ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ബയോടെക്നോളജി വകുപ്പ് (ഡിബിടി) നടപ്പിലാക്കിയ ക്വാണ്ടം ബയോടെക്നോളജി പദ്ധതിയിലാണ് കാലിക്കറ്റിന് നേട്ടം.
കാലിക്കറ്റ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഎന്‍എസ്ടി) മൊഹാലിയും സംയുക്തമായി നല്‍കിയ ഗവേഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. സ്വര്‍ണത്തിന്റെ കാന്തിക നാനോ കണങ്ങള്‍ ഉപയോഗിച്ച് സ്പിന്‍ അധിഷ്ഠിത, പുത്തന്‍-തലമുറ ക്വാണ്ടം ബയോസെന്‍സറുകള്‍ വികസിപ്പിക്കുക എന്ന വിഷയത്തിലാണ് ഗവേഷണം നടക്കുക. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകള്‍ക്ക് മാത്രം ലഭ്യമായ ഈ പദ്ധതി ക്വാണ്ടം ഗവേഷണ രംഗത്ത് കാലിക്കറ്റ് സര്‍വകലാശാലക്ക് കുതിപ്പേകുന്നതിനൊപ്പം അന്തര്‍ സര്‍വകലാശാലാ സഹകരണങ്ങള്‍ മെച്ചപ്പെടുത്താനും നൂതന സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യാനും സഹായകമാവും.
കാലിക്കറ്റ് നാനോസയന്‍സ് വിഭാഗം അസി. പ്രൊഫ. ഡോ. ഇ.എസ്. ഷിബു, മൊഹാലിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഎന്‍എസ്ടി) കെമിക്കല്‍ ബയോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ആസിഫ്ഖാന്‍ ഷാനവാസ് എന്നിവര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം അസോ. പ്രൊഫ. ഡോ. മഞ്ജു സി. നായരും ഐഎന്‍എസ്ടിയിലെ നാലുപേരും കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷമാണ് ഗവേഷണ കാലാവധി.












