കൊല്ലം: വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റിലായി.അഞ്ചല്‍ പനയഞ്ചേരി പ്ലാവിള വീട്ടില്‍ ഹരിഷ് കുമാറി (31) നെയാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. അഞ്ചല്‍ ചന്തമുക്കില്‍ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പിടിച്ചുപറിച്ചത്.
പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.സ്വര്‍ണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാള്‍ കാസര്‍കോട്ടേക്ക് മുങ്ങിയ ശേഷം ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോള്‍ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതെന്ന് ഇയാള്‍ പറഞ്ഞു.ബാക്കി കാസര്‍കോട്ട് വിറ്റു എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
















