തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് സർവീസ് ചട്ടം ലംഘിച്ചതിന്റെ പേരിൽ സർവീസിൽനിന്ന് സസ്പൻഡ് ചെയ്ത രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു. ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷൻ സർക്കാർ പിൻവലിച്ച് ഉത്തരവായി. രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്‌പെൻഷനിലാണ്.
ബി. അശോക് സസ്‌പെൻഷനിലായിട്ട് ഒന്നര മാസമായി.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമർശിച്ചതായിരുന്നു എൻ. പ്രശാന്തിന്റെ സസ്‌പെൻഷനു കാരണം. പിണറായി വിജയനേയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളേയും വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനാണ് ബി. അശോകിനെ സസ്പൻഡ് ചെയ്തത്.
പ്രശാന്തിനെ ആദ്യം 2024 നവംബറിൽ സസ്പൻഡ് ചെയ്തു. പിന്നീട് 2025 നവംബർ ആറു മുതൽ 180 ദിവസത്തേക്ക് അത് നീട്ടി. 2026 മെയ് നാലിന് ആ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് മറ്റൊരു ഉത്തരവിലൂടെ വീണ്ടും സസ്പൻഷൻ നീട്ടി. മൂന്നാം തവണ സർക്കാരിനെ വിമർശിച്ചുവെന്നതായിരുന്നു ആരോപണം.
ബി. അശോകിനെ 2026 മെയ് മാസത്തിലാണ് സസ്പൻഡ് ചെയ്തത്.
ഇവർ ഏതു പദവിയിൽ തിരികെ എത്തതുമെന്ന് വ്യക്തമായിട്ടില്ല. നാളെ ഒരു പൊതു പരിപാടിയിൽ തലസ്ഥാനത്ത് ഇരുവരും പങ്കെടുക്കുന്നുണ്ട്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ വലംകൈയായി നിന്ന, സർവീസിൽ ഒട്ടേറെ നടപടികൾ നേരിട്ട സുരേഷ് കുമാർ ഐഎഎസ് എഴുതിയ ‘സർവീസ്’ അനുഭവങ്ങളുടെ പുസ്തക പ്രകാശന പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. പങ്കെടുത്താൽ അവർ സസ്പൻഷനിലാകാൻ കാരണമായ കാര്യങ്ങൾ വീണ്ടും പറയുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.











